കോട്ടയം റൂട്ടിൽ ഇന്നും നാളെയും ഉച്ച വരെ ട്രെയിൻ ഓടില്ല

ചങ്ങനാശേരി ∙ ചിങ്ങവനം -ചങ്ങനാശേരി ഇരട്ടപ്പാത ഇന്നു കമ്മിഷൻ ചെയ്യും ചിങ്ങവനം റെയിൽവേ സ്റ്റേഷനിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ, സിഗ്നൽ ജോലികൾ പൂർത്തിയായി. ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം ഭാഗത്തേക്കുള്ള ശബരി എക്സ്പ്രസ് പുതിയ പാതയിലൂടെ കടത്തി വിടും. ഇന്നു രാവിലെ 9 മുതൽ 3 വരെ കോട്ടയം വഴി ട്രെയിൻ ഗതാഗതമുണ്ടാകില്ല. മുൻപു വഴി തിരിച്ചു വിട്ട ട്രെയിനുകൾ കൂടാതെ മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസ്, മുംബൈയിലേക്കുള്ള ജയന്തി ജനത, രാവിലെ കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്പ്രസ് എന്നിവയും ആലപ്പുഴ വഴി തിരിച്ചു വിടും.

വഴി തിരിച്ചു വിട്ട ട്രെയിനുകളിൽ യാത്രയ്ക്കായി ടിക്കറ്റു റിസർവു ചെയ്തവർ എറണാകുളം,ആലപ്പുഴ, ചേർത്തല, കായംകുളം സ്റ്റേഷനുകളിലെത്തി യാത്ര തുടരാം. നാളെയും രാവിലെ 9 മുതൽ ഒരു മണി വരെ ഗതാഗത നിയന്ത്രണമുണ്ട്. ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിനൊപ്പം ചിങ്ങവനത്തെ പുതിയ സ്റ്റേഷൻ കെട്ടിടവും പ്രവർത്തനസജ്ജമാകും. സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും ടിക്കറ്റ് വിൽപനയും പുതിയ കെട്ടിടത്തിലേക്കു മാറ്റും.