തിരുവഞ്ചൂരിനെതിരായ കേസ്: തുടർനടപടി ഹൈക്കോടതി തടഞ്ഞു

കൊച്ചി∙ കേന്ദ്ര സർക്കാരിന്റെ നോട്ടു നിരോധനത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് പിക്കറ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണനെതിരായ കേസിൽ തുടർ നടപടി ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കാൻ തിരുവഞ്ചൂർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. 2017 ജനുവരി 24 നായിരുന്നു പിക്കറ്റിങ്.

അന്യായമായ സംഘം ചേരൽ, വഴിയോര പൊതുയോഗ നിരോധന നിയമത്തിന്റെ ലംഘനം തുടങ്ങി കുറ്റങ്ങൾ ആരോപിച്ചാണ് കേസ്. പാലക്കാട് ജുഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം നൽകി. രാഷ്ട്രീയപരിഗണനയിലും ഭരണത്തിലുള്ള പാർട്ടിയുടെ താൽപര്യത്തിലുമാണു കേസെന്നു ഹർജിക്കാരൻ ആരോപിച്ചു. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണ വേഗം പൂർത്തിയാക്കാൻ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രത്യേക കോടതിയിലേക്ക് ഈ കേസും മാറ്റിയിട്ടുണ്ട്.