മെക്കാനിക്കൽ ഡിവിഷന്റെ ഉരുണ്ടുകളി കേരള എക്സ്പ്രസിനു പാര

കൊച്ചി ∙ തിരുവനന്തപുരം– ന്യൂഡൽഹി കേരള എക്സ്പ്രസിന്റെ റേക്കുകൾ ആധുനിക ലിങ്ക്ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകളാക്കുന്നത് അനശ്ചിതത്വത്തിൽ. ആവശ്യമായ കോച്ചുകൾ ലഭ്യമാക്കിയിട്ടും തിരുവനന്തപുരം ഡിവിഷനിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ പിടിപ്പുകേടാണു പ്രശ്നമെന്നാണ് ആരോപണം. 6 മാസം കൊണ്ടു കേരളയുടെ 3 റേക്ക് മാത്രമാണ് എൽഎച്ച്ബിയായത്. ബാക്കിയുളള 3 റേക്കുകൾ മാറ്റാനുള്ള പുതിയ കോച്ചുകൾ രണ്ടര മാസമായി വെറുതേയിട്ടിരിക്കുകയാണ്. ഇതു മൂലം കോടികളുടെ നഷ്ടമാണു റെയിൽവേയ്ക്ക് ഉണ്ടാകുന്നത്.

പുതിയ കോച്ചുകളിലെ ബയോ ശുചിമുറി പ്രവർത്തിപ്പിക്കാൻ ആവശ്യമായ ബാക്ടീരിയ ലായനി ഇല്ലെന്നായിരുന്നു ഡിവിഷന്റെ ആദ്യ പരാതി. ഇതു നാഗ്‌പൂരിലെ ലാബിൽ നിന്ന് എത്തിച്ചപ്പോൾ പാൻട്രി കാർ ക്ഷാമം വില്ലനായി. കൊൽക്കത്തയിൽ നിന്നു പാൻട്രി കാർ കൊണ്ടു വന്നപ്പോൾ പവർ കാർ ഇല്ലാത്തതായി തടസ്സം. അതിനു പരിഹാരം കണ്ടപ്പോൾ പവർ കാർ പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലെന്നാണു മെക്കാനിക്കൽ വിഭാഗത്തിന്റെ നിലപാട്. കരാർ ജീവനക്കാരെ നിയോഗിക്കേണ്ടതു മെക്കാനിക്കൽ വിഭാഗമാണ്.

കേരളയുടെ എൽഎച്ച്ബി മാറ്റം പൂർണമായാൽ ഒഴിവു വരുന്ന േറക്കുകൾ കൊണ്ട് എറണാകുളം–രാമേശ്വരം, മംഗളൂരു–രാമേശ്വരം, കൊച്ചുവേളി –നിലമ്പൂർ സർവീസുകൾ തുടങ്ങാൻ കഴിയും. അടുത്തതായി എൽഎച്ച്ബി കോച്ചുകൾ ലഭിക്കേണ്ട തിരുവനന്തപുരം ലോകമാന്യതിലക് നേത്രാവതി, എറണാകുളം നിസാമുദ്ദീൻ മംഗള എന്നിവയുടെ കാര്യം പരുങ്ങലിലാണ്.