ചികിത്സാ യാത്രകൾക്ക് ട്രെയിനിൽ എമർജൻസി ക്വോട്ട സീറ്റ്

കൊച്ചി / പാലക്കാട് ∙ ചികിത്സാർഥമുള്ള അത്യാവശ്യ ട്രെയിൻ യാത്രകൾക്ക് എമർജൻസി ക്വോട്ടയിൽ സീറ്റ് അനുവദിക്കാമെന്നാണു നിയമം. റിസർവേഷൻ ക്ലാർക്കിന് ഇത്തരം കേസുകളിൽ ഡിവിഷൻ ഓഫിസുകളിൽ ബന്ധപ്പെടാവുന്നതാണ്. ചാർട്ട് തയാറാക്കും മുൻപേ അപേക്ഷ ലഭിക്കണമെന്നു മാത്രം. കാൻസർ രോഗിക്കും സഹായിക്കും ചികിത്സാ യാത്രകളിൽ റിസർവേഷൻ സൗജന്യമാണ്.

ടിക്കറ്റ് ബുക്ക് ചെയ്യാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഹൃദയ ശസ്ത്രക്രിയയ്ക്കായി രോഗിക്കും സഹായിക്കും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ 75% നിരക്കിളവ് ലഭിക്കും. അതേസമയം, ചികിത്സയ്‌ക്കുള്ള അടിയന്തര യാത്രയാണെന്ന കാരണത്താൽ സീറ്റ് തരപ്പെടുത്തി കൊടുക്കാൻ ടിടിഇക്ക് അധികാരമില്ല. ആർഎസി, വെയ്റ്റ് ലിസ്റ്റിലുളള യാത്രക്കാർ പരാതിപ്പെടുമെന്നതിനാൽ തിരക്കുളള സമയത്തു ടിടിഇമാർ അതിനു തയാറാകില്ല. തിരക്കില്ലാത്തപ്പോൾ മാനുഷിക പരിഗണന കണക്കിലെടുത്തു ചിലപ്പോൾ ഒഴിവുളള സീറ്റ് നൽകാൻ കഴിയും.

യാത്രയ്ക്കിടെ ചികിത്സ: സംവിധാനങ്ങളേറെ; പക്ഷേ...

യാത്രയ്ക്കിടെ അടിയന്തര വൈദ്യസഹായം വേണമെങ്കിൽ, റിസർവേഷൻ ചാർട്ട് നോക്കി ട്രെയിനിൽ യാത്രക്കാരായുള്ള ഡോക്ടർമാരുടെ സേവനമാണ് ആദ്യം തേടാവുന്നത്. പാലക്കാട് ഡിവിഷനു കീഴിൽ കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിൽ മെഡിക്കൽ ബൂത്ത് ഉണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചു ചികിത്സാ സംവിധാനമുണ്ട്.

ചികിത്സ വേണ്ട യാത്രക്കാരുടെ വിവരം ടിടിഇയോ ഗാർഡോ കൺട്രോൾ റൂമിൽ അറിയിക്കുന്നതോടെ ഏറ്റവും അടുത്ത സ്റ്റേഷനിൽ ചികിൽസാ സഹായം ലഭ്യമാക്കണമെന്നാണു വ്യവസ്ഥ. സ്റ്റേഷൻ മാസ്റ്റർ ആംബുലൻസ് സംഘടിപ്പിച്ചു ആശുപത്രിയിൽ എത്തിക്കുകയും വേണം. യാത്രക്കാരുടെ സൗകര്യാർഥം എല്ലാ സ്റ്റേഷനുകളിലും തൊട്ടടുത്തുളള ആശുപത്രികളുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

വിളിക്കാം, ടോൾ ഫ്രീ നമ്പർ

ട്രെയിൻ യാത്രയിൽ അടിയന്തര ചികിത്സ വേണ്ടിവന്നാൽ:
∙ 138, 182 എന്നീ റെയിൽവേ ടോൾഫ്രീ നമ്പരുകളിലൊന്നിൽ വിളിക്കുക. 182 പ്രധാനമായും സുരക്ഷാ ആവശ്യങ്ങൾക്കു ബന്ധപ്പെടാനുളള നമ്പരാണ്.
∙ വിളിക്കുന്ന പരിധിയിലെ റെയിൽവേ ഡിവിഷനൽ ഓഫിസിലെ കൺട്രോൾ റൂമിലായിരിക്കും കോൾ ലഭിക്കുക.
∙ ഉടൻ ട്രെയിനിലെ ടിടിഇക്കും റെയിൽവേ സംരക്ഷണ സേനയ്ക്കും വിവരം കൈമാറി തുടർനടപടി സ്വീകരിക്കും.