നാടിനെ കണ്ണീരിലാഴ്ത്തി ആ പിഞ്ചുഹൃദയം

മറിയം ശ്രീചിത്രയില്‍ ചികില്‍സയിലായിരുന്നപ്പോള്‍ പകര്‍ത്തിയ ചിത്രം.

മലപ്പുറം / കണ്ണൂർ ∙ ഇരിക്കാനിടം കിട്ടാതെ, സഹായത്തിന്റെ ഒരു കൈ പോലും കാണാതെ ഒരു വയസ്സുള്ള കുഞ്ഞുമായി മാവേലി എക്സ്പ്രസിന്റെ ഓരോ കോച്ചും മാറിക്കയറുമ്പോൾ ഷമീറും സുമയ്യയും വിചാരിച്ചിരുന്നില്ല, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിക്കും മുൻപേ അവൾ കൊഞ്ചലുകളില്ലാത്ത ലോകത്തേക്കു യാത്രയാകുമെന്ന്. തണുപ്പിലും അലച്ചിലിലും പനി കൂടി, സമയത്തു ചികിത്സ കിട്ടാതെ അവളുടെ യാത്ര കുറ്റിപ്പുറത്ത് അവസാനിച്ചു. 

ചികിൽസാർഥമുള്ള അടിയന്തര ട്രെയിൻ യാത്രകൾ എത്രത്തോളം ദുരിതപൂർണമെന്ന് ഓർമിപ്പിക്കുന്നതാണു കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ– സുമയ്യ ദമ്പതികളുടെ കണ്ണീരനുഭവം. ജന്മനാ ഹൃദയത്തിനു തകരാറുള്ള മകൾ മറിയമിനു 2 മാസം മുൻപു ശ്രീചിത്ര ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി വന്നപ്പോൾ നാട്ടിലെ ഡോക്ടറെ കാണിച്ചു. പനി മാറുന്നില്ലെന്നു ശ്രീചിത്രയിൽ അറിയിച്ചപ്പോൾ കുട്ടിയെ കൊണ്ടുവരാൻ പറഞ്ഞു. ബുധനാഴ്ച രാത്രി എട്ടോടെ തിരക്കിട്ടു കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ലഭിച്ചതു ജനറൽ ടിക്കറ്റ്. തിരക്കേറിയ ജനറൽ കംപാർട്മെന്റിൽ പോയാൽ കുഞ്ഞിന്റെ നില വഷളാകുമെന്നതിനാൽ ടിക്കറ്റ് മാറ്റിയെടുക്കാൻ സ്ലീപ്പർ കോച്ചിൽ കയറി. എന്നാൽ, കരഞ്ഞു കാലുപിടിച്ചിട്ടും ടിക്കറ്റ് പരിശോധകർ കനിഞ്ഞില്ല. ഒഴിഞ്ഞ ബർത്തുകളിൽ ആളെത്തുവോളം പോലും ഇരിക്കാൻ അനുവദിച്ചില്ല. 

പല സ്റ്റേഷനുകളിലായി 8 കോച്ചുകൾ മാറിക്കയറിയിട്ടും സീറ്റ് കിട്ടാതായപ്പോൾ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്മെന്റിലും ഷമീർ ജനറൽ കംപാർട്മെന്റിലും കയറി. പതിനൊന്നരയോടെ കുറ്റിപ്പുറത്തെത്തിയപ്പോൾ കുഞ്ഞിന്റെ നില വഷളായി. സഹയാത്രികർ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി. റെയിൽവേ സംരക്ഷണ സേന തേടിയെത്തിയപ്പോഴാണു ഷമീർ വിവരമറിയുന്നത്. ഓട്ടോയിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അൽപം മുൻപ് കുട്ടി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ട്രെയിനിൽ സീറ്റോ വൈദ്യസഹായമോ നൽകാതിരുന്ന റെയിൽവേ, കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനും സഹായിച്ചില്ല. മൃതദേഹവുമായി ഇരിക്കൂരിലേക്കുള്ള മടക്കയാത്രയിൽ ആംബുലൻസ് വാടക നൽകിയതും കൂലിപ്പണിക്കാരനായ ഷമീർ തന്നെ. കബറടക്കം നടത്തി. മറിയമിന്റെ സഹോദരങ്ങൾ: സജ, നജ. 

ആരും പറഞ്ഞില്ലല്ലോ എന്നു റെയിൽവേ 

സംഭവം അന്വേഷിച്ചെന്നും സീറ്റ് ചോദിച്ച് ആരും ടിടിഇമാരെ സമീപിച്ചില്ലെന്നാണ് അറി‍ഞ്ഞതെന്നും പാലക്കാട് റെയിൽവേ ഡിവിഷന്റെ അവകാശവാദം. കുഞ്ഞിന്റെ മരണത്തിൽ അതീവ ഖേദമുണ്ടെന്നും അറിഞ്ഞിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്നുമാണു ട്വിറ്ററിലെ വി‌ശദീകരണം. എന്നാൽ സുമയ്യയ്ക്കു കുഞ്ഞുമായി രാത്രി 3 മണിക്കൂറിനിടെ 8 കോച്ചുകൾ മാറിക്കയറേണ്ടി വന്നത് ഓരോയിടത്തു നിന്നും ടിടിഇമാർ ഇറക്കിവിട്ടതുകൊണ്ടാണെന്ന സത്യം മറച്ചുവയ്ക്കാനാകാതെ ശേഷിക്കുന്നു. 

കേണുചോദിച്ചു; ഒരേ മറുപടി: ‘അടുത്ത കോച്ചിൽ നോക്കൂ’

കൂലിപ്പണി ചെയ്താണു കണ്ണൂർ ഇരിക്കൂർ സ്വദേശി ഷമീർ കുടുംബം പോറ്റുന്നത്. വഴിയൊരത്തെ കാടുവെട്ടിത്തെളിക്കലാണു പ്രധാനജോലി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മകൾ മറിയം ട്രെയിനിൽ മരിച്ചതിനെക്കുറിച്ചു ഷമീർ പറയുന്നതിങ്ങനെ:

‘‘ജനറൽ ടിക്കറ്റ് സ്ലീപ്പർ ടിക്കറ്റാക്കാൻ കഴിയുമെന്നാണു കരുതിയത്. കണ്ണൂർ മുതൽ കോഴിക്കോട് വരെ രണ്ടു ടിടിഇമാരെ കണ്ടു കേണുചോദിച്ചു. എമർജൻസി ക്വോട്ടയെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ആംബുലൻസ് ചെലവോർത്താണ് ആ വഴിക്കു ശ്രമിക്കാതിരുന്നത്. വഴിയിൽ അവൾക്കു പനി കൂടി. രണ്ടു തവണ ഛർദിച്ചു. ഇക്കാര്യമെല്ലാം ടിടിഇയോടു പറഞ്ഞിരുന്നു. ‘അടുത്ത കോച്ചിൽ നോക്കൂ, അടുത്ത കോച്ചിൽ നോക്കൂ’ എന്നായിരുന്നു മറുപടി.

‘‘കുറ്റിപ്പുറത്തുനിന്നു ട്രെയിൻ മുന്നോട്ടെടുത്തതിനു പിന്നാലെ വീണ്ടും നിർത്തി. തൊട്ടുപിന്നാലെ ആർപിഎഫുകാർ വന്ന് ഷമീർ ആരാണെന്നു ചോദിച്ചപ്പോഴും ഇത്രത്തോളമെത്തുമെന്നു കരുതിയില്ല. ആംബുലൻസ് വിളിക്കാൻ പോലും അധികൃതർ സഹായിച്ചില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് ഓട്ടോയിലാണ് ആശുപത്രിയിലേക്കു പോയത്. ഡോക്ടർമാരാണു പറഞ്ഞത്, എല്ലാം കൈവിട്ടുപോയിട്ടു കുറച്ചുനേരമായെന്ന്.’’