ആ കുരുന്നുജീവൻ കവർന്നതും കരുണയില്ലാത്തൊരു രാത്രിവണ്ടി...

(ചിത്രം 1) ട്രെയിൻ യാത്രയ്ക്കിടെ സീറ്റ് കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ച വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രവുമായി കണ്ണൂർ കക്കാട് സ്വദേശി ശ്രീജ. ചിത്രം: മനോരമ. (ചിത്രം 2) അയൻരാജ്

കണ്ണൂർ∙ തൊട്ടടുത്തദിവസം കീമോതെറപ്പി ചെയ്യാനുള്ള ആ കുഞ്ഞുദേഹം രാത്രി മുഴുവൻ ട്രെയിൻ കംപാർട്മെന്റിലെ വാതിലിനോടു ചേർന്നു കൊടുംതണുപ്പിൽ വെറുംനിലത്തു കിടന്നു. മരണംപോലും മരവിച്ചു പോകുന്ന ക്രൂരതയാണു റെയിൽവേ ചെയ്തത്, അർബുദരോഗിയായ അഞ്ചു വയസ്സുകാരൻ അയൻരാജിനോട്.

തിരുവനന്തപുരം ആർസിസിയിലേക്കു പോകാനാണ് 2017 നവംബറിലെ ആ രാത്രിയിൽ മകനെയും കൊണ്ടു ശ്രീജ കണ്ണൂരിൽ നിന്നു മാവേലി എക്സ്പ്രസിൽ കയറിയത്. രണ്ടാഴ്ചയായി റിസർവേഷനു ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും കിട്ടിയില്ല. ജനറൽ കോച്ചിലെ തിരക്കു മൂലം സ്ലീപ്പർകോച്ചിലാണു കയറിയത്. എന്നാൽ തൊട്ടടുത്ത സ്റ്റേഷനിൽ തന്നെ ടിക്കറ്റ് പരിശോധകൻ ഇറക്കിവിട്ടു. പിന്നെ അംഗപരിമിതരുടെ കോച്ചിൽ കയറിപ്പറ്റി. എവിടെയോ യാത്ര പോകുന്ന ഒരു സംഘം നേരത്തേ തന്നെ സീറ്റുകൾ കയ്യടക്കിയിരുന്നു.

ഒരൊറ്റ അംഗപരിമിതൻ പോലും ഇല്ലാതിരുന്നിട്ടും ആ അമ്മയ്ക്കും കുഞ്ഞിനുമായി  സീറ്റ് അനുവദിച്ചു കൊടുക്കാൻ ആരും തയാറായില്ല. കൂട്ടുവന്ന സഹോദരൻ മറ്റേതോ കംപാർട്മെന്റിലായിരുന്നു. ഒടുവിൽ വാതിലിനോടു ചേർന്നു നിലത്തു  തുണിവിരിച്ച് അയൻരാജിനെ കിടത്തി. നിലത്തുകിടന്നു തല കുലുങ്ങുംതോറും കുഞ്ഞിന് അപസ്മാരമുണ്ടായിക്കൊണ്ടിരുന്നു. രണ്ടു ശസ്ത്രക്രിയ കഴിഞ്ഞ തലച്ചോറിന്റെ സ്ഥിതി കൂടുതൽ വഷളായി. കുഞ്ഞിന്റെ തല മടിയിലെടുത്തു വച്ച് അവനു വേണ്ടി പ്രാർഥിക്കുകയല്ലാതെ മറ്റൊരുവഴിയും ശ്രീജയ്ക്കുണ്ടായിരുന്നില്ല. യാത്രയ്ക്കൊടുവിൽ, കീമോ ചെയ്യാനുള്ള അവസാന ശക്തിയും ആ കുരുന്നു ശരീരത്തിൽ നിന്നു ചോർന്നുപോയി.

പിറ്റേന്നു രാവിലെ ആർസിസിയിലെത്തിയപ്പോഴേക്കും സ്ഥിതി വളരെ മോശമായി. 13 കീമോതെറപ്പി ചെയ്യാനുണ്ടായിരുന്നു. എന്നാൽ ഒരു കീമോയ്ക്കു പോലുമുള്ള ആരോഗ്യം കുഞ്ഞിനില്ലെന്നു ഡോക്ടർമാർ വിലയിരുത്തി. പരീക്ഷണമെന്ന നിലയിൽ 4 കീമോ ചെയ്തപ്പോഴേക്കും സംസാരശേഷി നഷ്ടപ്പെട്ട് അനക്കമില്ലാതായി. ജീവൻ മാത്രം ബാക്കി. ഒരുമാസത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിച്ചു സാന്ത്വന ചികിത്സ തുടരുന്നതിനിടെ, കഴിഞ്ഞ മാർച്ച് 9ന് അയൻരാജ് യാത്രയായി.

ആ ട്രെയിൻയാത്രയാണ് അവന്റെ ജീവനെടുത്തതെന്നു ശ്രീജ ഉറപ്പിച്ചു പറയുന്നു. തലച്ചോറിൽ നടത്തിയ രണ്ടു ശസ്ത്രക്രിയകൾക്കു ശേഷം രോഗം ഭേദപ്പെട്ടു തുടങ്ങിയിരുന്നു. ആ യാത്രയ്ക്കു ശേഷമാണു കാര്യങ്ങൾ കൈവിട്ടുപോയത്. ഏകമകൻ മടിയിൽ കിടന്നു മരണത്തിലേക്കു പോകുന്നതു കണ്ട ഗതി വേറൊരമ്മയ്ക്കുമുണ്ടാകരുതെന്നായിരുന്നു പ്രാർഥന. എന്നിട്ടും പിന്നെയും അതുതന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്തു കൊണ്ടാണ്– ശ്രീജ കണ്ണീരോടെ ചോദിക്കുന്നു.