വനിതാ മതിലിനെ വിമർശിച്ച് എടക്കരയിൽ മാവോയിസ്റ്റ് പോസ്റ്ററുകളും ലഘുലേഖകളും

എടക്കര (മലപ്പുറം)∙ വനിതാ മതിലിനെ വിമർശിച്ച് മരുത മഞ്ചക്കോട്ട് മാവോയിസ്റ്റ് പോസ്റ്ററുകളും ലഘുലേഖകളും. വനിതാ മതിൽ എന്ന പേരിൽ സിപിഎം പുതിയ പ്രഹസനത്തിനൊരുങ്ങുകയാണ്. വ്യത്യസ്ത ഹിന്ദു സാമുദായിക സംഘടനകളെ അണിനിരത്തി സൃഷ്ടിക്കുന്ന മതിൽ നവോത്ഥാന മതിലല്ല, വർഗീയ മതിലാണെന്നാണ് ലഘുലേഖയിൽ പറയുന്നത്. മാവോയിസ്റ്റ് ജനകീയ വിമോചന ഗറിലാസേന കബനി ദളം പ്രസിദ്ധീകരിക്കുന്ന ‘കാട്ടുതീ’ എന്ന പേരിലാണ് ലഘുലേഖ. സർക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ പാക്കേജിനെ വിമർശിച്ച് ‘കനൽപാത’ എന്ന പേരിലുള്ള മറ്റൊരു ലഘുലേഖയുമുണ്ട്.

വനാതിർത്തിയോടു ചേർന്നുള്ള മഞ്ചക്കോട് കവലയിലെ ബസ് സ്റ്റോപ്പിലും രാഷ്ട്രീയ പാർട്ടികളുടെ വാർ‍ത്താ ബോർഡുകളിലും കടകളുടെ ഭിത്തികളിലുമാണ് പോസ്റ്ററുകളും ലഘുലേഖകളും പതിച്ചത്. നിർത്തിയിട്ട ബസുകളിൽ നിന്നും ലഘുലേഖകൾ കണ്ടെടുത്തു. നക്സൽ വിരുദ്ധ സേനയും പൊലീസും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മരുത വനാതിർത്തിയോടു ചേർന്നുള്ള കോളനികളിലും വീടുകളിലും നേരത്തെ മാവോയിസ്റ്റുകൾ എത്തി ആശയപ്രചാരണം നടത്തിയിരുന്നു.