വിഎസിന് പരസ്യ താക്കീത്; സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കി

തിരുവനന്തപുരം∙ പൊളിറ്റ് ബ്യൂറോ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ സിപിഎം കേന്ദ്രകമ്മിറ്റി പരസ്യമായി താക്കീത് ചെയ്തു. വിഎസിനോട് ഇനിയെങ്കിലും ‘നല്ല നടപ്പിന്’ തയാറാകാനും കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ ക്ഷണിതാവായി ഉൾപ്പെടുത്താനും നിർദേശിച്ചു.

ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടെയും വീഴ്ചയിൽ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ട് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. കൊലക്കേസിൽപ്പെട്ട മന്ത്രി എം.എം.മണിയെ കേന്ദ്ര നേതൃത്വം സംരക്ഷിക്കാനില്ല. പക്ഷേ അദ്ദേഹത്തിന്റെ കേസിനെ ബാധിക്കുന്ന തരത്തിലുള്ള നടപടിക്കായി സംസ്ഥാന നേതൃത്വത്തെ ഉടൻ നിർബന്ധിക്കില്ല.

കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കൂടെയിരുത്തിയാണു കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിലെ തീരുമാനങ്ങൾ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രഖ്യാപിച്ചത്.

പാർട്ടിയുടെ സംഘടനാ തത്വങ്ങൾ ലംഘിച്ചുള്ള നീക്കങ്ങളാണു വിഎസിൽനിന്നു തുടർച്ചയായി ഉണ്ടായതെന്നു കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ എണ്ണമിട്ടു പറഞ്ഞുകൊണ്ടുള്ള കമ്മിഷന്റെ റിപ്പോർട്ട് അംഗീകരിച്ച് ആ നീണ്ട അധ്യായത്തിനു കമ്മിറ്റി വിരാമമിട്ടു. വിഎസിനു ലഭിച്ചതു പാർട്ടിയുടെ അച്ചടക്ക നടപടികളിൽ ലഘുവായ ഒന്നു മാത്രം. അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തിരിച്ചുവരണമെന്ന വിഎസിന്റെ ആവശ്യം തള്ളി. കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായ അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിലും ക്ഷണിതാക്കളുടെ പട്ടികയിൽപ്പെടുത്തി. വിഎസിന്റെ ഘടകം സംസ്ഥാനകമ്മിറ്റി ആയിരിക്കും. അവിടെ അദ്ദേഹത്തിനു സംസാരിക്കുകയും ചർച്ചകളിൽ ഇടപെടുകയും ചെയ്യാം – യച്ചൂരി പറഞ്ഞു.

വോട്ടിങ് അവകാശമുള്ള പൂർണ അംഗമാക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനു സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എന്തായാലും ഒരു വോട്ടിന്റെ പേരിൽ കാര്യങ്ങൾ മാറിമറിയില്ലല്ലോ എന്ന മറുപടിയാണു യച്ചൂരി നൽകിയത്. ഇന്നാരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ഔദ്യോഗികമായി വിഎസിനെ ക്ഷണിതാവാക്കും.

വിഎസിനു തെറ്റു ബോധ്യപ്പെടാനും തിരുത്താനും പോന്ന ശിക്ഷതന്നെ ലഭിക്കണം എന്ന ആവശ്യമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റേതെങ്കിലും താക്കീതിനപ്പുറം വേണ്ടെന്ന യച്ചൂരിയുടെ അഭിപ്രായത്തിനൊപ്പം കേന്ദ്രകമ്മിറ്റി നിന്നു. പിബിയിൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം രൂപപ്പെട്ടതും പുതിയ പ്രശ്നങ്ങൾക്ക് ഇനി വഴിതുറക്കരുതെന്ന നേതൃത്വത്തിലെ ഭൂരിപക്ഷാഭിപ്രായവും വിഎസിന് അനുകൂലമായി. അതേസമയം ഇനി അച്ചടക്കലംഘനത്തിനു മുതിരരുതെന്നു വിഎസിനോടു കർശനമായി കേന്ദ്രകമ്മിറ്റി നിഷ്കർഷിക്കുകയും ചെയ്തിരിക്കുന്നു.

ഭാര്യാ സഹോദരി പി.കെ.ശ്രീമതിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡ‍സ്ട്രിയൽ എന്റർപ്രൈസസ് എംഡി ആയി നിയമിച്ച ഇ.പി.ജയരാജന്റെ നടപടിയിൽ കേന്ദ്രകമ്മിറ്റി അനിഷ്ടം രേഖപ്പെടുത്തി. സ്വജന പക്ഷപാതവും സ്വാർഥ താൽപര്യവും പാർട്ടിക്ക് അന്യമാണെന്നു യച്ചൂരി പറഞ്ഞു. കേസും അന്വേഷണവും നടക്കുന്ന സാഹചര്യം പാർട്ടിക്കു മുന്നിലുണ്ട്. സംസ്ഥാന നേതൃത്വം അന്വേഷിച്ചു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത കേന്ദ്രകമ്മിറ്റി ഈ വിഷയം ചർച്ചചെയ്യും. മണിയുടെ കാര്യത്തിൽ പാർട്ടിതല അന്വേഷണത്തിന്റെ ആവശ്യമില്ല. പക്ഷേ, മന്ത്രിസഭയിൽനിന്ന് ഒഴിവാക്കുകയോ സംഘടനാ നടപടി സ്വീകരിക്കുകയോ ചെയ്താൽ അതു കേസിനെ ബാധിക്കാമെന്നു തുറന്നുപറയാനും യച്ചൂരി തയാറായി.

തീരുമാനത്തിൽ സംതൃപ്തി: വിഎസ്

തിരുവനന്തപുരം∙ കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിൽ സംതൃപ്തിയാണ് ഉള്ളതെന്നു പാർട്ടി നടപടിക്കു വിധേയനായ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണു കമ്മിറ്റി കൈക്കൊണ്ടത്. അതെല്ലാം നിങ്ങളെ ഔദ്യോഗികമായി അറിയിക്കും. സീതാറാം യച്ചൂരിയുടെ വാർത്താസമ്മേളനത്തിനു മുമ്പുതന്നെ വിഎസിന്റെ പ്രതികരണം വന്നു.

സംസ്ഥാന കമ്മിറ്റിയിലേ വിഎസ് ഇനി സംസാരിക്കാവൂ: യച്ചൂരി

തിരുവനന്തപുരം∙ സംസ്ഥാന കമ്മിറ്റിയാണ് വിഎസിന്റെ ഘടകം. അതിൽ അദ്ദേഹത്തിനു സംസാരിക്കാം. അതിലേ സംസാരിക്കാവൂ, പുറത്ത് അരുത്– വിഎസ് അച്യുതാനന്ദനുള്ള കേന്ദ്രകമ്മിറ്റിയുടെ ഈ ഉപദേശം ജനറൽസെക്രട്ടറി സീതാറാം യച്ചൂരി തന്നെ പുറത്തുവിട്ടു. ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ചതോടെ സംസ്ഥാനകമ്മിറ്റിയിൽ നിന്നു പുറത്തായ വിഎസിനെ പിന്നീട് വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ വച്ച് കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവാക്കിയിരുന്നു. പ്രായം ചെന്നവരെ നേതൃനിരയുടെ ഭാഗമായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ക്ഷണിതാക്കളാക്കുന്നതെന്ന് യച്ചൂരി പറഞ്ഞു.

കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവ് എന്ന ബലത്തിലാണ് വിഎസ് ഇപ്പോൾ സംസ്ഥാനകമ്മിറ്റിയിലും പങ്കെടുത്തുവരുന്നത്. പുതിയ തീരുമാനത്തോടെ അദ്ദേഹം പാലോളി മുഹമ്മദ് കുട്ടി, കെ.എൻ രവീന്ദ്രനാഥ്, എം.എം ലോറൻസ് എന്നിവർക്കൊപ്പം സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവുമാകും.

പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളാണ് വിഎസ് എന്ന് യച്ചൂരി പറഞ്ഞു. പാർട്ടിക്ക് അദ്ദേഹം വലിയ സംഭാവനകളാണ് നൽകിയിട്ടുള്ളത്. ഇപ്പോഴും നൽകിവരുന്നത്. സംഘടനാതത്വങ്ങൾ അദ്ദേഹം മുറുകെപ്പിടിക്കുമെന്നും അച്ചടക്കം പാലിക്കുമെന്നും കരുതുന്നു– യച്ചൂരി പറഞ്ഞു.