മദ്രസ അധ്യാപകന്റെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കും; നിരോധനാജ്ഞ

കാസർകോട്∙ ചൂരിക്കു സമീപം മദ്രസ അധ്യാപകൻ കർണാടക സ്വദേശി മുഹമ്മദ് റിയാസിനെ (30) താമസ സ്ഥലത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിട്ടത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി: ഡോ.എ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘം പ്രവർത്തിക്കുക. യുഡിഎഫിന്റെ എസ്പി ഒാഫീസ് മാർച്ചിനു പിന്നാലെയാണ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിച്ചത്.

മാനന്തവാടി ജോയിന്റ് എസ്പി: ജി. ജയ്ദേവ്, സിഐ: പി.കെ. സുധാകരൻ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റുള്ളവർ. കണ്ണൂർ റേഞ്ച് ഐജി: മഹിപാൽ യാദവ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. കൊലപാതകത്തിനു പിന്നാലെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് കലക്ടർ നിരോധനാജ്ഞ പുറപ്പെടുവിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. പള്ളിയോട് അനുബന്ധിച്ചുള്ള മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയിൽ പള്ളി ഖത്തീബ് അബ്ദുൽ അസീസ് മുസ്‌ല്യാർ താമസിച്ചിരുന്നു. രാത്രിയിൽ ബഹളം കേട്ടതിനെത്തുടർന്ന് അബ്ദുൽ അസീസ് മുസല്യാർ ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്. മുറിക്കു നേരെ കല്ലേറുണ്ടായതായി അബ്ദുൽ അസീസ് മുസ്‌ല്യാർ പറയുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ റിയാസിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും റിയാസ് മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എഡിജിപി രാജേഷ് ദിവാൻ സ്ഥലത്തെത്തി. സ്ഥലത്തു വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് കാസർകോട് മണ്ഡലത്തിൽ ഹർത്താൽ നടത്തി. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ.