മദ്രസ അധ്യാപകന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം കാസർകോട്ട്

മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ ചൂരി പള്ളി പ്രദേശത്തെത്തി തെളിവെടുക്കുന്ന പ്രത്യേക അന്വേഷണ സംഘം.

കാസർകോട് ∙ ചൂരി പഴയ റോഡിലെ ഇസ്‌ത്തുൽ ഇസ്‍ലാം മദ്രസ അധ്യാപകൻ മടിക്കേരി എരുമാട് ഉദ്ദാവാഡ് കൊട്ടമുടി ആസാദ്നഗറിലെ റിയാസ് മൗലവി (34) കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘം കാസർകോടെത്തി. കണ്ണൂർ ക്രൈംബ്രാഞ്ച് പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് റിയാസ് മൗലവി കൊലപ്പെട്ട ചൂരിയിലെ ജുമാമസ്ജിദിനോട് ചേർന്ന കെട്ടിടത്തിലെ കിടപ്പുമുറിയും പരിസരപ്രദേശങ്ങളും പരിശോധിച്ചു.

മദ്രസ അധ്യാപകനെ കൊലപ്പെടുത്തിയ കേസിൽ ചൂരി പള്ളി പ്രദേശത്തെത്തി തെളിവെടുക്കുന്ന പ്രത്യേക അന്വേഷണ സംഘം.

റിയാസിനോടൊപ്പം സമീപത്തെ മുറിയിലുണ്ടായിരുന്ന പള്ളി ഖത്തീബ് അബ്ദുൽ അസീസ് വഹാബി ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തി. കണ്ണൂർ ഐജി മഹിപാൽയാദവ് മേൽനോട്ടം വഹിക്കുന്ന സംഘത്തിൽ മാനന്തവാടി ജോയിന്റ് എസ്പിവി.ജയദേവ്, സിഐ പി.കെ.സുധാകരൻ എന്നിവരാണ് അന്വേഷണത്തിനായി എത്തിയത്. കാസർകോട് ഡിവൈഎസ്പി എം.വി.സുകുമാരൻ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, സിഐ സി.എ. അബ്ദുൽറഹീം എന്നിവരും സംഘത്തോടോപ്പം ഉണ്ടായിരുന്നു.