നാലു വർഷത്തിനുള്ളിൽ എല്ലാ ത്രിതല പഞ്ചായത്തുകളെയും അഴിമതി മുക്തമാക്കും: കെ.ടി. ജലീൽ

കോട്ടയം∙ സംസ്ഥാനത്ത് സർക്കാർ വകുപ്പുകളിലെ അഴിമതിയിൽ തദ്ദേശഭരണ വകുപ്പ് ഒന്നാമതാണെന്ന വിജിലൻസിന്റെ കണ്ടെത്തൽ വകുപ്പ് മന്ത്രിയായ താൻ സ്വയം വിമർശനമായി കാണുന്നുവെന്ന് മന്ത്രി കെ.ടി.ജലീൽ. കോട്ടയം ജില്ലയിലെ 14 പഞ്ചായത്തുകളെ അഴിമതി രഹിത സദ്ഭരണ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് വെളിയന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളെക്കുറിച്ചു നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാൻ കഴിയാത്തത് എന്തു കൊണ്ടാണെന്ന് ചിന്തിക്കണം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന പതിവിൽനിന്നു മാറി അവരെ സസ്പെൻഡ് ചെയ്യുകയോ ജോലിയിൽനിന്നു പിരിച്ചുവിടുകയോ ചെയ്യും. അഴിമതി നിർമാർജനത്തിനു ത്രിതല പഞ്ചായത്ത് ഭരണസമിതികളും ശ്രദ്ധിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിങ് വിഭാഗത്തെ അതതു ഭരണസ്ഥാപനങ്ങളുടെ കീഴിലാക്കാനുള്ള തീരുമാനത്തിൽനിന്നു പിൻമാറില്ല.

എൻജീനിയറിങ് വിഭാഗത്തിനു സൈറ്റുകളിൽ പോകാൻ വാഹനം വാടകയ്ക്ക് എടുക്കാൻ അനുമതി നൽകും. കരാറുകാരുടെ വാഹനത്തിൽ പോകുന്ന പതിവ് അവസാനിപ്പിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളെ ശുദ്ധീകരിക്കാനുള്ള ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി അവരുടെ പേരുകൾ വിജിലൻസിന് കൈമാറും.

അടുത്ത നാലു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ത്രിതല പഞ്ചായത്തുകളെയും അഴിമതി മുക്തമാക്കുകയാണു ലക്ഷ്യം. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആർക്കെങ്കി്ലും ആക്ഷേപം ഉണ്ടെങ്കിൽ പരാതി നൽകാം. അച്ചടക്ക നടപടിയിൽ ജാതിയും മതവും രാഷ്ട്രീയവും നോക്കുന്ന പതിവ് രീതികൾ ഇനിയുണ്ടാവില്ലന്നും അദ്ദേഹം പറഞ്ഞു.