ദുഃഖവെള്ളി ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ: എതിർപ്പുമായി മേഘാലയ

മേഘാലയ മുഖ്യമന്ത്രി മുകുൾ സാങ്മ

ഷില്ലോങ്∙ ഏപ്രിൽ 14 ദുഃഖ വെള്ളിയാഴ്ച ഡിജിറ്റൽ ഇന്ത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശത്തെ എതിർത്ത് മേഘാലയ സർക്കാർ. ദുഃഖ വെള്ളിയാഴ്ച ഇവിടുത്തെ ക്രിസ്ത്യാനികൾക്കു പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന തരത്തിലുള്ള പരിപാടികളെ സംസ്ഥാന സർക്കാർ പ്രോൽസാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുകുൾ സാങ്മ അറിയിച്ചു.

മേഘാലയയിലെ ജനങ്ങളെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളെയും മുൻനിർത്തി ഇക്കാര്യത്തിലെ ആശങ്ക പ്രധാനമന്ത്രിയെ എഴുതി അറിയിക്കുമെന്ന് സാങ്മ അറിയിച്ചു. ക്രിസ്ത്യൻ വിഭാഗങ്ങൾ ഭൂരിപക്ഷം ഉള്ള മേഖലയാണ് ഇവിടം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ വിഷയത്തിലുള്ള എതിർപ്പ് സംസ്ഥാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

എന്താണ് എൻഡിഎ സർക്കാരിന്റെ അജൻഡയെന്നു നമ്മൾ ചോദിക്കേണ്ട സമയമായി. നേരത്തേ, ക്രിസ്മസ് ദിനത്തിൽ മികച്ച ഭരണനിർവഹണ ദിനമായി ആചരിച്ചിരുന്നു. ഇപ്പോള്‍ ദുഃഖവെള്ളിയും. ന്യൂനപക്ഷവിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനാണോ ബിജെപി ശ്രമിക്കുന്നത്? സാങ്മ ചോദിച്ചു.