എൽ ക്ലാസിക്കോയിൽ റയലിനെ വീഴ്ത്തി ബാർസ; മെസ്സിക്ക് ഇരട്ടഗോൾ

ബാർസ താരങ്ങളുടെ വിജയാഹ്ലാദം.

മഡ്രിഡ്∙ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മഡ്രിഡിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ബാർസിലോന. സൂപ്പർ താരം ലയണൽ മെസ്സി ഇരട്ടഗോളുകളുമായി (39, 90) അവതരിച്ച മൽസരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാർസയുടെ ജയം. മൽസരത്തിന്റെ അവസാന മിനിറ്റിലായിരുന്നു മെസ്സിയുടെ വിജയഗോൾ. ബാർസയുടെ മൂന്നാം ഗോൾ ഇവാൻ റാക്കിട്ടിച്ച് നേടി. കാസെമിറോ (28), ഹാമിഷ് റോഡ്രിഗസ് (85) എന്നിവരാണ് റയലിന്റെ സ്കോറർമാർ. ക്യാപ്റ്റൻ സെർജിയോ റാമോസ് ചുവപ്പുകാർഡ് കണ്ടു പുറത്തായതിനെ തുടർന്ന് 10 പേരുമായാണ് റയൽ മൽസരം പൂർത്തിയാക്കിയത്.

വിജയത്തോടെ, 33 മൽസരങ്ങളിൽനിന്ന് 75 പോയിന്റുമായി ബാർസ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കു കയറി. ഒരു മൽസരം കുറച്ചു കളിച്ച റയലിനും 75 പോയിന്റുണ്ടെങ്കിലും ഗോൾശരാശരിയിൽ പിന്നിലായതോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങി. 33 മൽസരങ്ങളിൽനിന്നും 68 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്. ബാർസയുടെ തട്ടകത്തിൽ നടന്ന സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു.

വിശദമായ വാർത്തയും ഗോളുകളുടെ വിഡിയോയും