വീസ പദ്ധതിയിലെ മാറ്റം: ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയെ അറിയിച്ചു

ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുള്‍ ഇന്ത്യാ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് സംയുക്ത വാർത്താസമ്മേളനം നടത്തിയപ്പോൾ. (ഫയൽ ചിത്രം).

ന്യൂഡൽഹി∙ വൈദഗ്ധ്യ തൊഴിലാളികൾക്കുള്ള വീസ പദ്ധതിയിലെ മാറ്റങ്ങളിൽ ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയയെ അറിയിച്ചു. ടെലിഫോണിലൂടെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാൽകം ടേൺബുളും മോദിയും സംസാരിച്ചത്. വിഷയത്തിൽ ഇരുരാജ്യങ്ങളും കൂടുതൽ ബന്ധം തുടരുമെന്നും ധാരണയായി. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചു മടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ഇന്ത്യക്കാർക്ക് ഇരുട്ടടിയായ പ്രഖ്യാപനം വന്നത്. ഏപ്രിൽ ഒൻപതുമുതൽ 12 വരെ നാലു ദിവസത്തേക്കാണ് ടേൺബുൾ ഇന്ത്യയിലെത്തിയത്.

സ്വന്തം പൗരന്മാർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായാണു 457 വീസ പദ്ധതി ഓസ്ട്രേലിയ നിർത്തലാക്കുന്നത്. ഇംഗ്ലിഷ് ഭാഷയിലുള്ള മികവിനും തൊഴിൽ പ്രാഗൽഭ്യത്തിനും മുൻഗണന നൽകിയുള്ള പുതിയ താൽക്കാലിക വീസ പദ്ധതി ഉടൻ ആവിഷ്കരിക്കും. 95,000ലേറെ വിദേശികൾ പ്രയോജനപ്പെടുത്തുന്ന ജനപ്രിയ പദ്ധതിയാണു 457 വീസ. ഇവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്.

വിദേശ രാജ്യങ്ങളിൽനിന്നു തൊഴിൽ തേടിയെത്തുന്നവർക്കുള്ള വീസ കാലാവധിയായ നാലു വർഷത്തിനു ശേഷം രാജ്യത്തു തുടരാൻ അനുവദിക്കുന്ന സമയം വെട്ടിച്ചുരുക്കിയുള്ള നിയമ ഭേദഗതി കഴിഞ്ഞ വർഷം നിലവിൽവന്നിരുന്നു. ഇന്ത്യക്കാരുൾപ്പെടെ ഒട്ടേറെപ്പെരെ ആശങ്കയിലാഴ്ത്തിയ ഈ നടപടിക്കു പിന്നാലെയാണ് ഇപ്പോ‍ൾ 457 വീസ തന്നെ നിർത്തലാക്കാനുള്ള നീക്കം.