Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനു തിരിച്ചടി; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു

PTI4_11_2017_000103B

ന്യൂഡൽഹി∙ ചാരവൃത്തിക്കുറ്റം ആരോപിച്ച് ഇന്ത്യൻ മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ ബലൂചിസ്ഥാനിൽനിന്നു പിടികൂടിയെന്നായിരുന്നു പാക്ക് അവകാശവാദം.

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യാന്തര കോടതിയിലെ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ ജാദവിന്റെ അമ്മയെ അറിയിച്ചു. ഹരീഷ് സാൽവേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയിൽ ഹാജരായത്.

ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവർത്തനം നടത്തുന്നതിനായി ഹുസൈൻ മുബാറക് പട്ടേൽ എന്ന പേരു സ്വീകരിച്ചതായി മജിസ്ട്രേട്ടിനു മുൻപിൽ കുൽഭൂഷൺ ജാദവ് കുറ്റസമ്മതം നടത്തുന്ന വിഡിയോ പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിനു ജാദവുമായി ബന്ധമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുൽഭൂഷൺ ജാദവ് ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി 2003 വരെ പ്രവർത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തുകയായിരുന്നു.

2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാൻ കുറ്റപ്പെടുത്തിയിരുന്നു. ജാദവിനെ കാണാൻ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് അനുമതി നൽകണമെന്നു 13 തവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാൻ തയാറായില്ല.

ജാദവിനെ കാണാൻ അദ്ദേഹത്തിന്റെ അമ്മയും അനുമതി തേടിയിരുന്നു. നിയമപരമായ സഹായം നൽകാനും അവർ ഒരുക്കമായിരുന്നില്ല. നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവൻഷന്റെ ഹീനമായ ലംഘനമാണു പാക്കിസ്ഥാനിന്റേതെന്നു രാജ്യാന്തര കോടതിയിലെ ഹർജിയിൽ ഇന്ത്യ സൂചിപ്പിച്ചു.