മുത്തലാഖിൽ ഉഭയകക്ഷി സമ്മതമില്ല; വധശിക്ഷയ്ക്കു തുല്യം: സുപ്രീം കോടതി

ന്യൂഡൽഹി ∙ മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ. മുത്തലാഖിൽ ഉഭയകക്ഷി സമ്മതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുത്തലാഖ് എതിർക്കപ്പെടേണ്ടതാണെങ്കിലും ഇത് വ്യക്തിനിയമപ്രകാരം നിലനിൽക്കുന്ന ഒന്നാണ്. മുത്തലാഖ് നിരോധിക്കുകയാണെങ്കിൽ പ്രത്യാഘാതങ്ങൾ അപ്പോൾ പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തിയ അഞ്ചു സ്ത്രീകൾ വെവ്വേറെ നൽകിയ ഹർജികളിൻമേൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

അതേസമയം, മുത്തലാഖ് പാപമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അമിക്കസ് ക്യൂറി സൽമാൻ ഖുർഷിദ് വ്യക്തമാക്കി. മുത്തലാഖ് ഇന്ത്യന്‍ മുസ്‍ലിം സമുദായത്തില്‍ മാത്രമേയുള്ളൂവെന്നും അമിക്കസ് ക്യൂറി അറിയിച്ചു. മുസ്‌ലിം മതവിശ്വാസം പിന്തുടരുന്നതിനു നിർബന്ധപൂർവം തുടരേണ്ട മൗലികാവകാശമാണോ മുത്തലാഖ് എന്നു പരിശോധിക്കുമെന്നു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബഹുഭാര്യാത്വം എന്ന വിഷയം പരിഗണനയ്ക്ക് എടുക്കില്ലെന്നും കോടതി വ്യക്തമാക്കി. നിക്കാഹ് ഹലാല (ചടങ്ങുകല്യാണം) യുടെ സാധുത പരിഗണിക്കും.

15 വർഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ വേർപെടുത്തിയ ഷൈറാ ബാനു, 2016 ൽ കത്തു വഴി മൊഴി ചെല്ലപ്പെട്ട ആഫ്രീൻ റഹ്മാൻ, മുദ്രപ്പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുൽഷൻ പർവീൺ, ദുബായിൽ ഇരുന്നു ഫോണിലൂടെ ഭർത്താവ് മൊഴിചൊല്ലിയ ഇഷ്റത് ജഹാൻ, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചെല്ലപ്പെട്ട അതിയാ സാബ്റി എന്നിവരാണു മുത്തലാഖ് വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ചത്. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസ് കുര്യൻ ജോസഫ്, രോഹിങ്ടൻ നരിമാൻ, യു.യു. ലളിത്, എസ്. അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചിലാണ് വാദം. സിഖ്, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ് ഈ ബെഞ്ചിലുള്ളത്. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണു ബെഞ്ച് നിശ്ചയിച്ചിട്ടുള്ളത്.

അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്‌ലാമി ഹിന്ദും മുത്തലാഖിന് അനുകൂലമായി കക്ഷിചേർന്നിട്ടുണ്ട്. മുസ്‌ലിം വിമൻസ് ക്വസ്റ്റ് ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത് സൊസൈറ്റി എന്നീ സംഘടനകളും മുത്തലാഖിനെതിരെ ഹർജി നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്. മുൻമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും നിയമിച്ചിട്ടുണ്ട്.

മുത്തലാഖുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയുടെ മുൻപാകെ തീർപ്പിനുള്ള പ്രധാന വിഷയങ്ങൾ ഇവയാണ്:

∙ ഭരണഘടനയുടെ 13–ാം അനുച്ഛേദത്തിൽ വരുന്നതാണോ വ്യക്തി നിയമങ്ങൾ?

∙ മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനയുടെ അനുച്ഛേദം 25 (1) പ്രകാരം സാധുതയുണ്ടോ?

∙ അനുച്ഛേദം 25 (1) അനുച്ഛേദം 14, 21 എന്നിവയുടെ അനുബന്ധമായി കണക്കാക്കാവുന്നതാണോ?

∙ രാജ്യാന്തര കരാറുകൾ, നിബന്ധനകൾ, കീഴ്‌വഴക്കങ്ങൾ എന്നിവയുമായി ഒത്തുപോകുന്നതാണോ മുത്തലാഖ് സമ്പ്രദായം?