കുൽഭൂഷൺ കേസിൽ ഹരീഷ് സാൽവെ വാങ്ങുന്നത് ഒരുരൂപ പ്രതിഫലം: സുഷമ

ഹരീഷ് സാല്‍വെ

ന്യൂഡൽഹി∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര കോടതിയിൽ ഇന്ത്യ നൽകിയ ഹർജി വാദിക്കാനെത്തിയ അഭിഭാഷകൻ ഹരീഷ് സാൽവെ പ്രതിഫലമായി വാങ്ങുന്നത് കേവലം ഒരു രൂപ മാത്രമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഹരീഷ് സാൽവെയെ അഭിഭാഷകനായി ചുമതലപ്പെടുത്തിയതിനു പിന്നാലെയുയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ട്വീറ്റ്.

ഹരീഷ് സാൽവെ വാങ്ങുന്നതിനേക്കാളും കുറഞ്ഞ പ്രതിഫലത്തിൽ മറ്റെന്തെങ്കിലും നല്ല അഭിഭാഷകനെ ഇന്ത്യയ്ക്കു ലഭിക്കുമായിരുന്നുവെന്ന് പറഞ്ഞു സഞ്ജീവ് ഗോയൽ എന്നയാൾ ട്വീറ്റ് ചെയ്തിരുന്നു. അവർ ഹാജരായാലും ഇതേ വാദമുഖങ്ങളാകും ഉന്നയിക്കുകയെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സാൽവെയുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ സുഷമ സ്വരാജ് പുറത്തുവിട്ടത്.

ഇന്ത്യയുടെ മികച്ച അറ്റോർണികളിൽ ഒരാളാണ് ഹരീഷ് സാൽവെ. രാജ്യാന്തര കോടതിയിൽ കുൽഭൂഷണൻ ജാദവിന്റെ വധശിക്ഷ സംബന്ധിച്ച കേസ് വാദിക്കുന്നത് സാൽവെയാണ്.