പാക്കിസ്ഥാന് പ്രഹരമായി രാജ്യാന്തര കോടതിയുടെ വിധി; കേസിന്റെ നാൾവഴി

വിധി പ്രഖ്യാപിക്കുന്ന രാജ്യാന്തര നീതിന്യായ കോടതി അധ്യക്ഷൻ റോണി ഏബ്രഹാം. (ട്വിറ്റർ ചിത്രം)

ന്യൂഡൽഹി∙ ഇന്ത്യ–പാക്ക് ബന്ധത്തിൽ നിർണായക സ്വാധീനമുണ്ടാക്കുന്ന വിധിയാണ് മേയ് 18ന് ഹേഗിലെ രാജ്യാന്തര കോടതിയിൽനിന്നുണ്ടായത്. കുൽഭൂഷൺ ജാദവിനു വധശിക്ഷ വിധിച്ച പാക്ക് സൈനിക കോടതി വിധി സ്റ്റേ ചെയ്ത രാജ്യാന്തര കോടതി, ഇക്കാര്യത്തിൽ അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നും പാക്കിസ്ഥാനോട് നിർദ്ദേശിച്ചു. കേസിന്റെ നാൾവഴിയിലൂടെ...

2016

മാര്‍ച്ച് 3: ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ ഇറാന്‍ അതിര്‍ത്തിയില്‍ അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 24: കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ റോ ഏജന്റാണെന്ന് പാക്കിസ്ഥാന്‍ സൈന്യം. പാക്കിസ്ഥാന്‍-ഇറാന്‍ അതിര്‍ത്തിയിലെ സഹിദാന്‍ എന്ന സ്ഥലത്തുവച്ചായിരുന്നു അറസ്റ്റ്.

മാര്‍ച്ച് 26: പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടു. കുല്‍ഭൂഷണ്‍ ബലൂചിസ്ഥാനിലും കറാച്ചിയിലും ചാരപ്രവര്‍ത്തി നടത്തിയതായി പത്രക്കുറിപ്പിറക്കി. 2002 ല്‍ ഇന്ത്യന്‍ നാവികസേനയിൽ നിന്ന് വിരമിച്ച കുല്‍ഭൂഷണ്‍ ജാദവ് ചാരനല്ലെന്ന് ഇന്ത്യയുടെ മറുപടി. പാക്കിസ്ഥാന്‍ ഇന്ത്യക്ക് നയതന്ത്ര വിശദീകരണം നിഷേധിച്ചു.

മാര്‍ച്ച് 29: പാക്കിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുറ്റസമ്മത വിഡിയോ പുറത്തിറക്കി. താന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനാണെന്നും റോയുമായി ബന്ധമുണ്ടെന്നും കുൽഭൂഷൺ ഏറ്റു പറയുന്നതാണ് വിഡിയോ. ദൃശ്യത്തിന്റെ സത്യാവസ്ഥ ഇന്ത്യ ചോദ്യം ചെയ്തു.

ഏപ്രില്‍ 5: ബലൂചിസ്ഥാന്‍ പ്രാദേശിക സര്‍ക്കാര്‍ കുല്‍ഭൂഷണിനെതിരെ ഭീകരതയ്ക്കും അട്ടിമറിക്കും എഫ്ഐആര്‍ തയ്യാറാക്കി കേസ് എടുത്തു.

ഡിസംബര്‍ 7: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ജാദവിനെതിരേ മതിയായ തെളിവില്ലെന്ന് സമ്മതിച്ചു. ജാദവിനെതിരെ വെറും പ്രസ്താവന മാത്രമേ ഉള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡിസംബര്‍ 31: കുല്‍ഭൂഷണ്‍ ജാദവിനെതിരെ പാക്കിസ്ഥാന്‍ തങ്ങളുടെ പക്കലുള്ള രേഖകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ബ്രൂട്ടസിന് കൈമാറിയതായി അവകാശപ്പെട്ടു. ഇന്ത്യ അന്താരാഷ്ട്ര സമുദ്രക്കരാര്‍ ലംഘിച്ചതായും ആരോപണം.

2017 

മാര്‍ച്ച് 3: സര്‍താജ് അസീസ് തന്റെ മുന്‍ പ്രസ്താവനകള്‍ തിരുത്തി. ജാദവിനെ ഒരു സാഹചര്യത്തിലും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്ന പ്രശ്നമില്ലെന്ന് അസീസ് പാക്ക് സെനറ്റില്‍ പ്രഖ്യാപിച്ചു. തടവിലുള്ള വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുമ്പോൾ രാജ്യാന്തര സാഹചര്യങ്ങള്‍ പരിഗണിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ഏപ്രില്‍ 10: പാക്കിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന വിവരം പുറത്തുവിട്ടു. ജാദവ് ചാരനും അട്ടിമറിക്കാരനുമാണെന്ന് പാക്ക് സൈനിക കോടതി കണ്ടെത്തി. പാക്ക് പട്ടാളക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ. ജാദവിനെ ഇറാനില്‍ നിന്നും 2016 മാര്‍ച്ചില്‍ തട്ടിക്കൊണ്ടുപോവുകയാണുണ്ടായതെന്നും അദ്ദേഹത്തിനെതിരെയുള്ള കുറ്റവിചാരണ പൊള്ളയാണെന്നും ഇന്ത്യ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ പാക്കിസ്ഥാന്‍ ഹൈക്കമിഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചു വരുത്തി ശക്തമായ താക്കീത് നല്‍കി. പതിമൂന്നു പാക്കസ്ഥാന്‍ തടവുകാരെ വിട്ടയയ്ക്കാനിരുന്നത് ഇന്ത്യ റദ്ദാക്കി.

ഏപ്രില്‍ 13: ചാരവൃത്തി കുറ്റം ചുമത്തി പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിനെക്കുറിച്ച് യാതൊരു വിവരുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഏപ്രില്‍ 15: പാക്കിസ്ഥാനുമായുള്ള എല്ലാ ചര്‍ച്ചകളും ഇന്ത്യ നിര്‍ത്തി വച്ചു.

ഏപ്രില്‍ 16: കുല്‍ഭൂഷണ്‍ ജാദവിനെക്കാണാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യം പാക്കിസ്ഥാന്‍ വീണ്ടും നിഷേധിച്ചു.

ഏപ്രില്‍ 20: കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള ഇന്ത്യയുടെ ആവശ്യം പതിനഞ്ചാം തവണയും പാക്കിസ്ഥാന്‍ തള്ളി.

മേയ് 9: ഇന്ത്യ പാക്കിസ്ഥാനെതിരെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. കോടതി ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തു.

മേയ് 15: രാജ്യാന്തര കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇന്ത്യയുടെ ന്യായങ്ങള്‍ അവതരിപ്പിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെതിരെയുള്ള പാക്ക് വിഡിയോ  കാണേണ്ടെന്ന് രാജ്യാന്തര കോടതി.

മേയ് 18: അന്തിമ വിധി വരുന്നതുവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് രാജ്യാന്തര നീതിന്യായ കോടതി റദ്ദാക്കി.