തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഇടതുമുന്നണിക്കു മേൽക്കൈ

തിരുവനന്തപുരം∙ വിവിധ സ്ഥലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നു. കോഴിക്കോട് ഉപതിരഞ്ഞെടുപ്പു നടന്ന ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്‍ലിം ലീഗിലെ പി.കെ. ഹനീഫ് 529 വോട്ടിനു ജയിച്ചു. ഫറോക്ക് നഗരസഭയിലെ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ.എം. അഫ്സൽ 82 വോട്ടിനു ജയിച്ചു. പന്തലായനി വെങ്ങളം ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി.ടി. നാരായണി 1251 ഭൂരിപക്ഷത്തിൽ ജയിച്ചു.

പത്തനംതിട്ട നഗരസഭ 21–ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. 100 വോട്ടിനാണ് കോൺഗ്രസിലെ ആമിന ഹൈദരാലിയുടെ വിജയം. ആമിനയുടെ ഭർത്താവ് ഹൈദരാലിയുടെ മരണത്തേത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പിൽ 85 വോട്ട് ഭൂരിപക്ഷത്തിൽ സിപിഎം സ്വതന്ത്രൻ ജേക്കബ് തോമസ് വിജയിച്ചു. യുഡിഎഫിലെ കുരുവിള ജോർജിന്റെ മരണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽ കുമാരപുരം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സീതമ്മ വിജയിച്ചു. സ്വതന്ത്രയ്ക്കാണു രണ്ടാം സ്ഥാനം.

മലപ്പുറം ജില്ലയിൽ രണ്ട് പഞ്ചായത്ത് വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും യുഡിഎഫ് സീറ്റ് നിലനിർത്തി. കണ്ണമംഗലം പഞ്ചായത്ത് ചെങ്ങാനി വാർഡിൽ പള്ളിയാളി ആബിദ അബ്‌ദുറഹിമാൻ (ലീഗ്) 126 വോട്ടിനു ജയിച്ചു. ആലങ്കോട് പഞ്ചായത്ത് എട്ടാം വാർഡിൽ നഫീസാബി (ലീഗ്) 492 വോട്ടിനു ജയിച്ചു.

കണ്ണൂർ ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു വാർ‍ഡുകളിലും എൽഡിഎഫിനു വിജയം. പായം പഞ്ചായത്തിലെ മട്ടിണി വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ പി.എൻ. സുരേഷ് 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യുഡിഎഫ് അംഗമായിരുന്ന തോമസ് പൊട്ടംകുളം അപകടത്തിൽ മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ എ.കെ. സുരേഷ്കുമാർ 124 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് അംഗമായിരുന്ന കോടഞ്ചേരി രാജന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി നോർത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പി.കെ.പ്രസീത 365 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് അംഗമായിരുന്ന വി.പി. ലത സർക്കാർ ജോലി കിട്ടിയതിനാൽ അംഗത്വം രാജി വച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.