രാജ്യാന്തര കോടതിയുടെ ഇടപെടൽ അംഗീകരിക്കില്ല: വിധി തള്ളി പാക്കിസ്ഥാൻ

പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ. (എഎൻഐ ട്വീറ്റു ചെയ്ത ചിത്രം)

ഇസ്‌ലാമാബാദ് ∙ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ, അന്തിമ വിധി വരുന്നതുവരെ റദ്ദാക്കിയ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവിനെ തള്ളി പാക്കിസ്ഥാൻ രംഗത്ത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കുൽഭൂഷണിന്റെ വധശിക്ഷ റദ്ദാക്കിയതിനു തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാൻ നിലപാട് വ്യക്തമാക്കിയത്.

കുൽഭൂഷൺ ജാദവിന്റെ കേസ് രാജ്യാന്തര കോടതിയിൽ ഉന്നയിച്ചതിലൂടെ യഥാർഥ മുഖം ഒളിച്ചുവയ്ക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാക്ക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ ആരോപിച്ചു. കേസ് രാജ്യാന്തര കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്ന തങ്ങളുടെ വാദം കണക്കിലെടുത്ത് വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതീക്ഷ. എന്നാൽ, തങ്ങളുടെ എല്ലാ വാദങ്ങളും നിരാകരിച്ച് ഇന്ത്യയ്ക്കൊപ്പം നിലകൊണ്ട രാജ്യാന്തര കോടതിയുടെ നിലപാട് പാക്കിസ്ഥാന് വൻ പ്രഹരമായി.

ഇന്ത്യൻ ചാരനെന്ന് ആരോപിച്ചാണ് ഇന്ത്യയിലെ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് പാക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. പാക്കിസ്ഥാനിലെ സ്വതന്ത്ര കോടതിയിൽ പുനർവിചാരണ നടത്തണമെന്നും രാജ്യാന്തര കോടതി നിർദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഉയർത്തിയ വാദങ്ങളെല്ലാം കോടതി തള്ളുകയും ചെയ്തു. കുൽഭൂഷൺ ജാദവിനു നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടർച്ചയായി നിരാകരിച്ചതിനെയും കോടതി വിമർശിച്ചു. കുൽഭൂഷൺ ചാരപ്രവർത്തനവും ഭീകരപ്രവർത്തനവും നടത്തിയെന്ന പാക്കിസ്ഥാന്റെ വാദവും കോടതി അംഗീകരിച്ചില്ല.

വിധി വന്നതിനു പിന്നാലെ ദേശീയ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത പാക്ക് വിദേശകാര്യ വക്താവ്, ഇന്ത്യയുടെ യഥാർഥ മുഖം ലോകത്തിനു മുന്നിൽ തുറന്നു കാട്ടുമെന്നു പ്രഖ്യാപിച്ചു. താൻ ചെയ്ത വിധ്വംസക പ്രവർത്തനങ്ങൾ രണ്ടുതവണ കുൽഭൂഷൺ ജാദവ് ഏറ്റുപറ‍ഞ്ഞതാണെന്നും നഫീസ് സഖറിയ ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യാന്തര കോടതിയുടെ ഉത്തരവുകൾ അംഗീകരിക്കില്ലെന്ന് നേരത്തേതന്നെ അവരെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കുൽഭൂഷൺ ജാദവിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ കോടതിക്കു മുന്നിൽ ഹാജരാക്കുമെന്നും നഫീസ് അറിയിച്ചു. കുൽഭൂഷൺ ജാദവിന്റെ ഭീകരബന്ധം മറച്ചുവച്ച് കേസിനെ മനുഷ്യാവകാശ വിഷയമാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നഫീസ് നേരത്തെ ആരോപിച്ചിരുന്നു.