Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിന്റെ ചാരവൃത്തി പൊളിച്ച് ചൈന; രണ്ടുവർഷത്തിനിടെ 18 സിഐഎക്കാരെ വധിച്ചു

CIA

വാഷിങ്ടൻ ∙ ചാരവൃത്തിയിലൂടെ രഹസ്യങ്ങൾ ചോർത്താനുള്ള യുഎസിന്റെ നീക്കം ചൈന പൊളിച്ചതായി വെളിപ്പെടുത്തൽ. 2010നും 2012നും ഇടയിൽ ചൈനീസ് രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പതിനെട്ടോളം അംഗങ്ങളെ ചൈന വധിച്ചെന്നാണ് വെളിപ്പെടുത്തൽ. മറ്റു ചിലരെ ചൈന തടങ്കലിലാക്കിയതായും സൂചനയുണ്ട്. ചാരപ്രവർത്തനത്തിൽ അഗ്രഗണ്യരായ യുഎസിന് പതിറ്റാണ്ടുകൾക്കിടെ ഈ മേഖലയിൽ ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് റിപ്പോർട്ട്. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് സംഭവം പുറത്തുവിട്ടത്.

വിദേശത്തുള്ള ചാരൻമാരുമായി സിഐഎ അധികൃതർ നടത്തിയ സംഭാഷണങ്ങൾ ചോർത്തിയാണ് യുഎസിന്റെ ചാരപ്രവർത്തനം ചൈന പൊളിച്ചതെന്നാണ് സൂചന. അതേസമയം, സിഐഎയിലെ തന്നെ ഒരു വിഭാഗം ചതിച്ചതാണ് തിരിച്ചടിക്കു പിന്നിലെന്ന് കരുതുന്നവരും യുഎസ് ഔദ്യോഗിക വൃത്തങ്ങളിൽ കുറവല്ല. ഇക്കാര്യത്തിൽ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, യുഎസിന്റെ ചാരപ്പണി ചൈന പൊളിച്ചെന്ന കാര്യത്തിൽ തർക്കമില്ല.

ചാരവൃത്തിയിലെ ഏറ്റവും ദുഷ്കര കാലമാണ് ഈ ദശാബ്ദത്തിലേതെന്ന് യുഎസ് സമ്മതിക്കുന്നു. 2010 അവസാനം മുതൽ 2012 വരെയുള്ള കാലയളവി‍ൽ മാത്രം ഒരു ഡസനോളം സിഐഎ ചാരന്മാരെ ചൈന വകവരുത്തി. ഇതിലൊരാൾ സഹപ്രവർത്തകന്റെ കൺമുന്നിലാണ് കൊല്ലപ്പെട്ടതെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ധാരാളം പേരെ ജയിലിൽ അടച്ചിട്ടുമുണ്ട്. സിഐഎയുമായി സഹകരിക്കുന്ന ചിലയാളുകൾ ജയിലിലാണ്.

അമേരിക്ക ചാരവൃത്തി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് ചൈനയുടെ സ്ഥാനം. എന്നാൽ, ചൈനയിലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ ഭേദിക്കുന്നതു പ്രയാസമാണെന്ന് അമേരിക്ക സമ്മതിക്കുന്നു. അത്യാധുനിക സംവിധാനങ്ങളുടെ സഹായമുണ്ടെങ്കിലും അവരുടെ ചാരവൃത്തി ചൈനയിൽ ബുദ്ധിമുട്ടാണെന്നു ചുരുക്കം. അതേസമയം, ചൈനയിലെ ചാരസംഘത്തിന്റെ പ്രവർത്തനം സിഐഎ പുനരാരംഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

ചാരവൃത്തിക്കേസിൽ അമേരിക്കൻ വനിതയ്ക്കു ചൈനീസ് കോടതി കഴിഞ്ഞ ഏപ്രിലിൽ തടവുശിക്ഷ വിധിച്ചിരുന്നു. ടെക്സസിൽനിന്നു വാണിജ്യസംഘത്തിനൊപ്പം ചൈനയിലെത്തിയ സാൻഡ് ഫാൻ ഗിലിസിനാണ് മൂന്നര വർഷത്തെ തടവുശിക്ഷ ലഭിച്ചത്. 2015ലാണ് ഇവർ അറസ്റ്റിലായത്.