ദക്ഷിണ ചൈനാക്കടലിലെ വിവാദ ദ്വീപിനു സമീപം യുഎസ് പടക്കപ്പൽ

Representational Image

വാഷിങ്ടൻ∙ ദക്ഷിണ ചൈനാ കടലിലെ തർക്ക ദ്വീപിൽ പടക്കപ്പലോടിച്ച് അമേരിക്കയുടെ വെല്ലുവിളി. ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) അകത്തേക്കു യുദ്ധക്കപ്പൽ കയറ്റിയെന്നു യുഎസ് അറിയിച്ചു. ഡോണൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ദക്ഷിണ ചൈനാക്കടലിൽ യുഎസ് പടക്കപ്പൽ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രവേശിച്ചത്.

യുഎസ്എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തി. ഉത്തരകൊറിയയുമായി സംഘർഷം നിലനിൽക്കെ, അവരുടെ ഏക സൗഹൃദരാജ്യമെന്ന നിലയിൽ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാൽ, ദക്ഷിണചൈനാക്കടലിൽ സഞ്ചാരസ്വാതന്ത്ര്യം വേണമെന്ന യുഎസ് നിലപാട് ചൈനയെ പ്രകോപിപ്പിക്കും.

ഉത്തരകൊറിയക്കെതിരായി യുഎസിനെ സഹായിക്കാൻ ചൈന ഒരുങ്ങുമോയെന്നതും കണ്ടറിയണം. ഐക്യരാഷ്ട്രസഭ ഉടമ്പടിയനുസരിച്ച് 12 നോട്ടിക്കൽ വരെയുള്ള കടൽപ്രദേശം അതതുരാജ്യങ്ങളുടെയാണ്. ഇതാണു അമേരിക്കൻ നാവികസേന മനഃപൂർവം ലംഘിച്ചിരിക്കുന്നത്.

സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫ് ദ്വീപുകളുടെ സാറ്റലൈറ്റ് ദൃശ്യം

ഫിലിപ്പീൻസ്, വിയറ്റ്നാം, തയ്‌വാൻ, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കടലിൻമേൽ അവകാശവാദം ഉന്നയിക്കുന്ന മറ്റുരാജ്യങ്ങൾ. അടുത്തിടെ വലുതായി നിർമാണങ്ങൾ നടത്തിയും റോക്കറ്റ് ലോഞ്ചറുകൾ സ്ഥാപിച്ചും ചൈന ദ്വീപിൽ മേൽക്കൈ നേടാൻ ശ്രമിക്കുന്നുണ്ട്.

ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയർസ്ട്രിപും നിർമിച്ചിട്ടുണ്ട്. കൃത്രിമമായി ദ്വീപ് വലുതാക്കി. ദക്ഷിണ ചൈനാക്കടലിൽ 21,300 കോടി ബാരൽ ക്രൂഡ് ഓയിൽ ഉണ്ടെന്നാണു കണക്ക്. ഇതു കൈവശപ്പെടുത്തുകയാണ് പ്രദേശത്തു അധികാരം സ്ഥാപിക്കുന്നതിലൂടെ ചൈനയുടെ ലക്ഷ്യമിടുന്നത്.

സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫ് ദ്വീപുകളുടെ സാറ്റലൈറ്റ് ദൃശ്യം