മെട്രോയുടെ മോടിയിൽ മോദിയുടെ കന്നിയാത്ര – ചിത്രങ്ങൾ, വിഡിയോ

പ്രധാനമന്ത്രി കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നു. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർ സമീപം

കൊച്ചി ∙ േകരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്നിയാത്ര. മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദി, പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെയും തിരിച്ചും യാത്ര ചെയ്തു. പാലാരിവട്ടം സ്റ്റേഷൻ നാടമുറിച്ച് ഉദ്ഘാടനം െചയ്തശേഷമായിരുന്നു അദ്ദേഹത്തിന്റെ കന്നി മെട്രോ യാത്ര. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മെട്രോമാൻ ഇ.ശ്രീധരൻ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പമായിരുന്നു കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നി യാത്ര.

Read More : ആകാശപാളത്തിൽ കൊച്ചി; നുമ്മ, ഇനി മെട്രോ

പാലാരിവട്ടം മെട്രോ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്‌റ്റേഷന്‍ എന്നിവ പിന്നിട്ട് പത്തടിപ്പാലത്തേക്കു പോകും വഴി പ്രധാനമന്ത്രി പ്ലാറ്റ്‌ഫോമിലും കെട്ടിടങ്ങളിലും കൂടിനിന്നിരുന്ന ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. 11.21ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രിയും സംഘവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിനു മുന്നില്‍ ഒരുക്കിയ പന്തലിലെ ഉദ്ഘാടനവേദിയിലേക്ക് തിരിച്ചു.

ഇന്ന് ഉദ്ഘാടന സർവീസ് മാത്രം; സാധാരണ സർവീസ് തിങ്കളാഴ്ച

മെട്രോയിൽ ശനിയാഴ്ച ഉദ്ഘാടന സർവീസ് മാത്രം. ഞായറാഴ്ച മെട്രോ റൂട്ടിന് ഇരുവശത്തുമുള്ള വൃദ്ധ സദനങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്കും സ്പെഷൻ സ്കൂൾ വിദ്യാർഥികൾക്കും സൗജന്യയാത്ര. തിങ്കളാഴ്ച രാവിലെ ആറിന് ആലുവയിൽനിന്നും പാലാരിവട്ടത്തുനിന്നും ഒരേസമയം മെട്രോ പതിവു സർവീസ് ആരംഭിക്കും. ഒൻപതു മിനിട്ട് ഇടവേളയിൽ ഇരു ഭാഗത്തുനിന്നും സർവീസുണ്ടാവും. രാത്രി പത്തിന് അവസാന വണ്ടി. മിനിമം യാത്രാനിരക്കു 10 രൂപ. 20, 30, 40 എന്നിങ്ങനെയാണു മറ്റു നിരക്ക്. ഇടപ്പള്ളി, പാലാരിവട്ടം വരെ 40 രൂപ നിരക്ക്.

ടിക്കറ്റ് ഇവിടെ

മെട്രോ യാത്രയ്ക്കുള്ള ടിക്കറ്റ് സ്റ്റേഷനിൽനിന്നു ലഭിക്കും. കൊച്ചി വൺ കാർഡ് ഇന്നു പുറത്തിറക്കുന്നതോടെ ഇൗ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. ടിക്കറ്റ് കാർഡും ക്രെഡിറ്റ് കാർഡും ചേർന്നതാണിത്.