കൊച്ചിയുടെ നല്ല ദിനങ്ങൾ വരാനിരിക്കുന്നു: പ്രധാനമന്ത്രി മോദി

കൊച്ചി മെട്രോ റെയിൽ ഉദ്ഘാടനത്തിനുശേഷം കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നും യാത്രയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ കേരളത്തിന്റെ സ്വന്തം കൊച്ചിക്ക് മികച്ച ദിനങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ അഭിമാന പദ്ധതിയിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. കേരള സർക്കാരിന്റെയും കേന്ദ്രത്തിന്റെയും തുല്യപങ്കാളിത്തമുള്ള ഉദ്യമമാണ് കൊച്ചി മെട്രോ. 2000 കോടി രൂപയാണ് പദ്ധതിയുടെ പൂർത്തീകരണത്തിനു കേന്ദ്രം നൽകിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആയിരത്തോളം വനിതകളും 23 ഭിന്നലിംഗക്കാരുമാണ് കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ പരിസ്ഥിതി സൗഹാർദ വികസനത്തിന്റെ മാതൃകയാണ്. മെട്രോ പദ്ധതിയുടെ പൂർത്തീകരണത്തിന് സഹകരിച്ച കൊച്ചിയിലെ ജനങ്ങളെയും മെട്രോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് മെട്രോയുടെ കോച്ചുകൾ. ഇന്ത്യൻ നിർമിത വസ്തുക്കൾ ഉപയോഗിച്ച് ചെന്നൈയിലെ അൽസ്റ്റോമാണ് അവ നിർമിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേക ശ്രദ്ധയാണ് കേന്ദ്രം പ്രകടിപ്പിക്കുന്നത്. സ്മാർട്ട് സിറ്റി പട്ടികയിലെ ആദ്യ റൗണ്ടിൽ കൊച്ചിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നാണ്യവിളകളുടെ വ്യാപാരകേന്ദ്രമായ കൊച്ചി ഇനി വാണിജ്യനഗരമെന്ന് അറിയപ്പെടും. രാജ്യത്തെ 50 നഗരങ്ങൾ മെട്രോ തുടങ്ങാൻ തയാറെടുക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മെട്രോ: വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു സംസാരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കുന്ന കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചിയിലെ ജനങ്ങൾക്ക് ഇതു ചരിത്ര മുഹൂർത്തമാണെന്ന് കേന്ദ്രമന്ത്രി വെ‌ങ്കയ്യ നായിഡു. രാജ്യത്ത് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ മെട്രോ റെയിൽ പദ്ധതിയാണ് കൊച്ചി മെട്രോയെന്നും അദ്ദേഹം പറഞ്ഞു. നഗരവൽക്കരണത്തിലൂടെ രാജ്യത്തിന്റെ വികസനോന്മുഖ കാഴ്ചപ്പാടിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും വെ‌ങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഇതിന്റെ ‌ഭാഗമായിട്ടാണ് ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കുന്നത്.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടെ രാജ്യത്തെ മെട്രോ റെയിലിന്റെ നീളം 359 കിലോമീറ്ററായി ഉയർന്നുവെന്നും നായിഡു അറിയിച്ചു. കൊച്ചിക്കു പുറമെ ഡൽഹി, ഗുഡ്ഗാവ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ജയ്പൂർ, മുംബൈ എന്നിവിടങ്ങളിലും മെട്രോ പ്രവർത്തിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി 546 കിലോമീറ്റർ മെട്രോ റെയിലിന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ 350 കിലോമീറ്റർ റെയിലിന്റെ നിർമാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാകും. ഇതിനു പുറമെ 976 കിലോമീറ്റർ മെട്രോ റെയിലിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.