സ്വപ്നം സഫലം; കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി ∙ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് നൽകുന്ന കൊച്ചി മെട്രോ റെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു മുന്നിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാർക്കായുള്ള കൊച്ചി വൺ സ്മാർട്ട് കാർഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈൽ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ‌ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.

രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി, പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തിനുശേഷം കൊച്ചി മെട്രോയിൽ യാത്രചെയ്തു. പാലാരിവട്ടം മുതൽ പത്തവടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടർന്നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കെഎംആർ‌എൽ എംഡി ഏലിയാസ് ജോർജ് സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

സ്വാഗതപ്രസംഗത്തിന്റെ സമയത്ത് മെട്രോമാൻ ഇ.ശ്രീധരന്റെ പേര് പരാമർശിക്കപ്പെട്ടപ്പോൾ സദസിൽനിന്ന് വൻ കരഘോഷം ഉയർന്നത് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങിൽ വേദിയിൽ ഇടം നൽകിയവരുടെ ‌ആദ്യ പട്ടികയിൽനിന്ന് ശ്രീധരന്റെ പേര് ഒഴിവാക്കിയത് കേരളത്തിൽ വൻ രാഷ്ട്രീയവിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ആദ്യം വേദിയിൽ ഇടമുണ്ടായിരുന്നില്ല. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേകം ഇടപെട്ടാണ് ഇരുവർക്കും വേദിയിൽ സ്ഥാനം നൽകിയത്.

കൊച്ചി മെട്രോ സംഘാംഗങ്ങൾ ഇ.ശ്രീധരനും ഏലിയാസ് ജോർജിനുമൊപ്പം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും എംഎൽഎമാർക്കും ചടങ്ങിലേക്കു ക്ഷണക്കത്തു നൽകിയിയിരുന്നു. ഫ്രഞ്ച്, ജർമൻ കോൺസുലേറ്റ് ജനറൽമാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങിൽ പങ്കെടുത്തു. ആക്സിസ് ബാങ്ക് എംഡി ശിഖ ശർമ, മെട്രോയ്ക്കു വിദേശവായ്പ നൽകിയ ഫ്രഞ്ച് വികസന ഏജൻസി(എഎഫ്ഡി)യുടെ ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെർണേജ് എന്നിവരും ചടങ്ങിനെത്തി.

വേദിയിൽ നരേന്ദ്ര മോദി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം

കൊച്ചി മെട്രോ സമര്‍പ്പണത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. രാവിലെ 10.15ന് ഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവികവിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍മാര്‍ക്കിലെത്തി സ്വീകരിച്ചു. എംപിമാരായ കെ.വി. തോമസ്, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണനാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വേ, സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ജില്ല കലക്ടര്‍ കെ. മുഹമ്മദ് സഫീറുള്ള, ജില്ലാ പൊലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ടാര്‍മാര്‍ക്കില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗവർണർ പി.സദാശിവവും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

അരമണിക്കൂർ വൈകി മടക്കം

പ്രഖ്യാപിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യതലസ്ഥാനത്തേക്ക് മടങ്ങിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, സുരേഷ് ഗോപി എംപി, മേയര്‍ സൗമിനി ജയിന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കാര്‍വേ, ജില്ല കളക്ടര്‍ കെ.മുഹമ്മദ് സഫീറുള്ള, ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ എത്തിയിരുന്നു. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വ്യോമസേനയുടെ പ്രത്യേകവിമാനം പ്രധാനമന്ത്രിയുമായി തലസ്ഥാനത്തേക്കു മടങ്ങി.

ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ,‌‌‌ ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.