കൊച്ചി മെട്രോ നാളെ മുതൽ; ട്രെയിനിൽ കയറാൻ അന്വേഷണ പ്രവാഹം

കൊച്ചി∙ കൊച്ചി മെട്രോ നാളെ മുതൽ ജനങ്ങൾക്കായി സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നു മെട്രോ യാത്രയെക്കുറിച്ചറിയാൻ അന്വേഷണ പ്രവാഹം. കൂട്ടത്തോടെയുള്ള ബുക്കിങ്ങിനായി നിരവധി അന്വേഷണങ്ങളാണു മെട്രോ ഓഫിസിലേക്കെ‌ത്തുന്നത്.

ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്

വിദ്യാഭ്യാസ സ്ഥാപനങ്ങളും റസിഡൻസ് അസോസിയേഷനുകളുമെല്ലാം ഗ്രൂപ്പ് ബുക്കിങ്ങിന്റെ സാധ്യതകളന്വേഷിച്ചു മെട്രോ അധികൃതരെ ബന്ധപ്പെടുന്നുണ്ട്. അന്വേഷണങ്ങൾ കൂടുതലായും വരുന്നത് എറണാകുളം ജില്ലയ്ക്കു പുറത്തുനിന്നാണ്. ജനങ്ങളുടെ പ്രതികരണങ്ങളിൽ വലിയ പ്രതീക്ഷയാണു മെട്രോ റെയിൽ കോർപ്പറേഷനുള്ളത്. ഗ്രൂപ്പ് ബുക്കിങ് സംബന്ധിച്ചു ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു കെഎംആർഎൽ അധികൃതർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

മെട്രോ കാണാനുള്ള ആവേശത്തിൽ ഇതര ജില്ലകളിൽനിന്നുള്ള ചെറു സംഘങ്ങൾ കൊച്ചിയിലേക്കെത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാധ്യതകൾ പരമാവധി മുതലെടുക്കാനും ജനങ്ങൾക്കു സുഗമമായി യാത്ര ചെയ്യാനുമുള്ള അവസാനവട്ട ഒരുക്കത്തിലാണു കൊച്ചി മെട്രോ അധികൃതർ. ആദ്യത്തെ രണ്ടു മാസം യാത്രക്കാരുടെ വലിയതോതിലുള്ള കുത്തൊഴുക്കാണു മെട്രോ റെയിൽ കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളുമായുള്ള തിങ്കളാഴ്ചയിലെ ആദ്യ യാത്രയ്ക്കു മുന്നോടിയായി ഇന്നു ജീവനക്കാരുടെ അവസാനവട്ട പരിശീലനം നടക്കും. കഴിഞ്ഞ ഒന്നര ആഴ്ചയായി വിവിധ വകുപ്പുകൾ ജീവനക്കാർക്കു മോക്ഡ്രിൽ നടത്തുന്നുണ്ട്. യാത്രക്കാർ കൂട്ടത്തോടെയെത്തുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണു മോക്ട്രിൽ നടത്തുന്നത്. പിഴവുകളൊഴിവാക്കാൻ കൃത്യതയോടെയാണു കെഎംആർഎൽ ഓരോ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്. ജനങ്ങളുമായി അടുത്തിടപഴകേണ്ടതു ടിക്കറ്റ് കൗണ്ട‌റിലും റിസപ്ഷനിലും ജോലി ചെയ്യുന്നവരായതിനാൽ കൂ‌ടുതൽ പരിശീലനം നൽകിയിരിക്കുന്നതും അവർക്കാണ്.

യാത്രയ്ക്കായുള്ള അന്വേഷണം വർധിക്കുന്നതിനാൽ ആദ്യ മാസങ്ങളിൽ മികച്ച വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണു മെട്രോ അധികൃതർ. രണ്ടരലക്ഷംവരെ ഒരുദിവസം വരുമാനം പ്രതീക്ഷിക്കുന്നു. ആദ്യദിനങ്ങളിലെ ആകാംഷ അവസാനിച്ചാൽ യാത്രക്കാർ കുറയുമെന്ന പ്രചാരണം മെട്രോ അധികൃതരും തള്ളിക്ക‌ളയുന്നില്ല. വരുമാനത്തിനു ബദൽ മാർഗങ്ങൾ കാണാനും യാത്രക്കാരെ ആകർഷിക്കാനുമുള്ള വിവിധ പദ്ധതികളും അണിറയിൽ ഒരുങ്ങുന്നുണ്ട്.

കൊച്ചി മെട്രോയുടെ ആകെ നിർമാണ ചെലവ് 5,200 കോടിക്കു മുകളിലാണ്. എത്ര ആളുകൾ കയറിയാലും ഈ തുക ഉടനെയെങ്ങും തിരിച്ചു പിടിക്കാനാകില്ല. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ അധികൃതർ പറയുന്നതനുസരിച്ചു തൃപ്പൂണിത്തുറവരെ പദ്ധതി സമയബന്ധിതമായി നീട്ടിയാൽ അഞ്ചാം വർഷം മെട്രോ പ്രവർത്തന ലാഭത്തിലാകും. മഹാരാജാസ് വരെ സർവീസ് നീളുമ്പോൾ പ്രതിവർഷം 60 കോടിരൂപ ടിക്കറ്റിനത്തിൽ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നു. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ നിർമിക്കുന്ന മെട്രോ റിയൽ എസ്റ്റേറ്റ് പദ്ധതിയിൽനിന്ന് 300 കോടിരൂപ വരുമാനം കെഎംആർഎൽ പ്രതീക്ഷിക്കുന്നു. മുട്ടത്ത് 230 ഏക്കറിൽ മെട്രോ വില്ലേജിനും ആലോചനയുണ്ട്.

സ്റ്റേഷനുകളിലെയും ട്രെയിനിലേയും പരസ്യങ്ങൾ, എടിഎം സെന്ററുകൾ, ടിക്കറ്റുകളിലെ പരസ്യം, പാർക്കിങ് ഏരിയ, കൊച്ചി വൺ ഡെബിറ്റ്, ടിക്കറ്റ് കാർഡ് എന്നിവയിൽനിന്നു വലിയ വരുമാനമാണു മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. 10 വർഷത്തേക്കു കാർഡുവഴി മാത്രം ലഭിക്കുന്നത് 200 കോടിരൂപയാണ്.