കൊച്ചി മെട്രോ ബമ്പർ ഹിറ്റ്; 62,320 യാത്രക്കാർ, കളക്്ഷൻ 20.42 ലക്ഷം

മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നവർ.

കൊച്ചി∙ മലയാളികൾ ഒന്നടങ്കം നെഞ്ചേറ്റിയപ്പോൾ കൊച്ചി മെട്രോ ആദ്യദിവസംതന്നെ ബമ്പർ ഹിറ്റ്; ടിക്കറ്റ്് വിൽപനയിൽ നിന്നുളള വരുമാനം 20,42,740 രൂപ. തിങ്കളാഴ്ച രാത്രി ഏഴു വരെ 62,320 പേർ മെട്രോയിൽ യാത്ര ചെയ്തു. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളൽ തിരക്കു തുടരുകയാണ്. വൈകിട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ കെഎംആർഎൽ കൊച്ചി വൺ കാർഡ് വിൽപന ആരംഭിച്ചു.

അതേസമയം, വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ മെട്രോ തുറന്നപ്പോൾ പലർക്കും ‘സ്ഥലജല വിഭ്രാന്തി’. രാവിലെ അഞ്ചര മുതൽ വരിനിന്നു സ്റ്റേഷനകത്തേക്കു കയറിയപ്പോൾ പലരുടെയും മുഖത്ത് അമ്പരപ്പ്. പിന്നെ അതു സന്തോഷത്തിനു വഴിമാറി.

കൊച്ചി മെട്രോയുടെ ടിക്കറ്റ്.

ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്

സ്റ്റേഷനിൽ കയറാനും ടിക്കറ്റ് എടുക്കാനും പ്ലാറ്റ്ഫോമിലേക്കു പോകാനുമുള്ള നിർദേശങ്ങൾ മാധ്യമങ്ങളിലൂടെ പലവട്ടം അറിയിച്ചിരുന്നെങ്കിലും നേരിട്ടെത്തിയപ്പോൾ പലർക്കും ആശയക്കുഴപ്പമായിരുന്നു. ചിലർക്കാകട്ടെ ആദ്യം സെൽഫിയെടുക്കണോ ടിക്കറ്റെടുക്കണോ എന്ന ആശങ്ക. ടിക്കറ്റെടുക്കാൻ വരിനിൽക്കുന്നതിനിടെ, സ്റ്റേഷന്റെ വലതുവശത്തുള്ള ടിക്കറ്റ് കൗണ്ടറുകൾക്ക് അടുത്തെത്താനായി പലരും ധൃതികൂട്ടി.

പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ പ്രവേശനത്തിനായി ക്യൂനിൽക്കുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ.

രാവിലെ ആറരവരെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രമേ പ്രവർത്തിച്ചുള്ളൂ. പിന്നീടു മൂന്നു കൗണ്ടറുകൾകൂടി തുറന്നു. ‌ടിക്കറ്റ് കൗണ്ടറിന് ഇടതുവശത്തുള്ള പ്രവേശന ഗേറ്റിനു സമീപം ഡ്യൂട്ടിയിലുള്ള ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ നിർദേശം നൽകി. ടിക്കറ്റിലെ ബാർകോഡ് ഉപയോഗിച്ചു ഗേറ്റ് മറികടന്നു പ്ലാറ്റ്ഫോമിലേക്കു പോകുന്നതെങ്ങനെയെന്നു ജീവനക്കാർ ഓരോ ആളുകളോടും വിശദീകരിച്ചു.

കൊച്ചി മെട്രോയുടെ കൺട്രോൾ സെന്റർ.

പ്ലാറ്റ് ഫോമിലേക്കുള്ള യാത്രക്കിടെ, ഒന്നാം നിലയിലെ ചുവരിൽ ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിരുന്ന ഭാഗമായിരുന്നു യാത്രക്കാരുടെ ‘സെൽഫിവേദി’. സ്റ്റേഷന്റെ ഓരോ ഭാഗത്തുനിന്നും സെൽഫി എടുത്തു സാമൂഹ്യമാധ്യമങ്ങളിൽ അപ്പപ്പോൾതന്നെ പോസ്റ്റുചെയ്തായിരുന്നു പ്ലാറ്റ്ഫോമിലേക്കുള്ള യാത്രക്കാരുടെ മുന്നേറ്റം. ആദ്യയാത്രയിൽ ട്രെയിനിൽ കയറാനായവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരമറിയിക്കുന്ന തിരക്കിലായിരുന്നു. ‘ഞാനിപ്പോ മെട്രോയിലാ... പിന്നെ വിളിക്കാട്ടാ’ മെട്രോയിൽ സ്വയം അടയാളപ്പെടുത്തുന്ന സന്ദേശങ്ങൾ പാഞ്ഞു.

പ്ലാറ്റ്ഫോമിലെത്തിയ യാത്രക്കാർക്കു ജീവനക്കാർ സുരക്ഷാ നിർദേശങ്ങൾ നൽകി. ട്രെയിനിന്റെ ഫോട്ടോയെടുക്കാൻ പലരും മഞ്ഞ സുരക്ഷാ വര മറികടന്നതു ജീവനക്കാർക്കു തലവേദനയായി.

മെട്രോയ്ക്ക് ആശംസയുമായി എത്തിയ വിവ കേരള, എഫ്സി കൊച്ചിൻ തുടങ്ങിയ ഫുട്ബോൾ ടീമുകളുടെ ബോൾ ബോയി അബ്ദുറഹിമാൻ.

മെ‌ട്രോയിലെ ആദ്യയാത്ര പലരും ആഘോഷമാക്കി. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ അബ്ദുറഹിമാൻ മെട്രോയിൽ കയറാൻ ഇന്നലെ രാത്രി തന്നെ കൊച്ചിയിലെത്തി. തൃശൂരിൽ ഒരു കല്യാണത്തിനെത്തിയപ്പോഴാണു മെട്രോയിൽ കയറണമെന്നു തോന്നിയത്. നേരെ കൊച്ചിക്കു വിട്ടു. പിന്നെ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി. രാവിലെ പാലാരിവട്ടം സ്റ്റേഷനിലെത്തി.

വിവ കേരള, എഫ്സി കൊച്ചിൻ തുടങ്ങിയ ഫുട്ബോൾ ടീമുകളുടെ ബോൾ ബോയി ആയിരുന്ന അബ്ദുറഹിമാൻ മെട്രോയ്ക്കു സ്വാഗതമെന്ന ജാക്കറ്റ് ധരിച്ചു ഫുട്ബോളുമായാണു യാത്രയ്ക്കെത്തിയത്. അബ്ദുറഹ്മാൻ ഫുട്ബോൾ കൊണ്ടു കാണിച്ച ചില പ്രകടനങ്ങൾ യാത്രക്കാർ കയ്യടികളോടെയാണു സ്വീകരിച്ചത്.

മെട്രോ ആദ്യയാത്ര ആരംഭിച്ചു മണിക്കൂറുകൾ പിന്നിടുമ്പോൾ ജനങ്ങളിൽനിന്നു മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ‘ഡൽഹി മെട്രോയിൽ കയറിയിട്ടുണ്ട്. അതിനേക്കാൾ മനോഹരമാണു കൊച്ചി മെട്രോ സ്റ്റേഷനുകൾ’ - ഇടപ്പള്ളി സ്വദേശിയായ ടീന പറയുന്നു.

പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ പ്രവേശനത്തിനായി ക്യൂനിൽക്കുന്നവർ. ചിത്രം: ഇ.വി.ശ്രീകുമാർ.

മെട്രോയുടെ നിലവിലെ പാതയെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവരുമുണ്ട്. മഹാരാജാസ് കോളേജ് വരെയെങ്കിലും മെട്രോ നീട്ടേണ്ടതായിരുന്നു. അല്ലെങ്കിൽ മെട്രോയുടെ ഗുണം ലഭിക്കില്ല- സർക്കാർ‍ ഉദ്യോഗസ്ഥനായ രമേശ് പറയുന്നു.

മെട്രോ സ്റ്റേഷനുകളിൽനിന്ന് കെഎസ്ആർ‌ടിസിയുടെ ഫീഡർ സർവീസുകൾ ആരംഭിച്ചിട്ടുണ്ടെന്നു കെഎംആർഎൽ അധികൃതർ അറിയിച്ചു. വരുംദിവസങ്ങളിൽ സ്റ്റേഷനുമായി ബന്ധപ്പെടുത്തി കൂടുതൽ സർവീസുകൾ ആരംഭിക്കും.