Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി മെട്രോ യാത്ര തുടങ്ങി; ആദ്യ സർവീസിന് ആയിരങ്ങൾ

Kochi Metro Rail കൊച്ചി മെട്രോയുടെ ആദ്യ സർവീസിൽ യാത്ര ചെയ്യുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

കൊച്ചി∙ കൊച്ചിയുടെ ആകാശത്തെ തൊട്ട് കൊച്ചി മെട്രോ യാത്ര ആരംഭിച്ചു. മെട്രോ ഇനി ജനങ്ങൾക്കു സ്വന്തം. പൊതുജനങ്ങൾക്കായുള്ള ആദ്യ സർവീസ് രാവിലെ ആറിനു പാലാരവട്ടത്തുനിന്നും ആലുവയിൽനിന്നും ആരംഭിച്ചു. മെട്രോയിൽ ആദ്യയാത്ര ചെയ്യാൻ രാവിലെ അഞ്ചര മുതൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ പൊതുജനങ്ങളുടെ നീണ്ട വരിയുണ്ടായിരുന്നു. കൊച്ചിക്കു പുറമേ ഇതര ജില്ലകളിൽനിന്നുള്ളവരും മെട്രോയിലെ ആദ്യയാത്രയ്ക്കായി എത്തിയിരുന്നു. 5.45 മുതൽ ടിക്കറ്റുകൾ വിതരണം ചെയ്തു തുടങ്ങി. ടിക്കറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം കാരണം ആദ്യ ട്രെയിനിൽ തിരക്കു കുറവായിരുന്നു. രണ്ടാമത്തെ ട്രെയിൻ, യാത്ര തുടങ്ങിയതു നിറയെ യാത്രക്കാരുമായാണ്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ എംഡി ഏലിയാസ് ജോർജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിരാവിലെതന്നെ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയിരുന്നു.

ആകാശപാളത്തിൽ കൊച്ചി: കൊച്ചി മെട്രോ സമഗ്ര കവറേജ്

Kochi Metro Rail കൊച്ചി മെട്രോയുടെ ആദ്യ സർവീസിൽ യാത്ര ചെയ്യാനെത്തിയവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

മെട്രോയ്ക്ക് ഒരു ദിവസം 219 ട്രിപ്പുകൾ ഉണ്ടാകും. ഒൻപതു മിനിട്ടിന്റെ ഇടവേളയിലാണു ട്രെയിനുകൾ പുറപ്പെടുന്നത്. കൊച്ചി മെട്രോയിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്കുള്ള കൊച്ചി വൺ സ്മാർട് കാർഡുകൾ സ്റ്റേഷനുകളിൽനിന്നു കൊടുത്തുതുടങ്ങി. പേരും ഫോൺ നമ്പരും നൽകിയാണു കാർഡിനു റജിസ്റ്റർ ചെയ്യേണ്ടത്. കാർഡിന്റെ നടപടിക്രമങ്ങൾ ആറു മിനിട്ടിനുള്ളിൽ പൂർത്തിയാകും. വില 150 രൂപയാണ്. ഇതിനു പുറമേ 50 രൂപ റീചാർജ് ചെയ്യുന്നതിനായി നൽകണം. പേരും ഫോൺ നമ്പരും മാത്രം നൽകി 10,000 രൂപയ്ക്കുവരെ ചാർജ് ചെയ്യാം. മറ്റു തിരിച്ചറിയൽ രേഖകൾ നൽകിയാൽ 50,000 രൂപയ്ക്കുവരെ ചാർജ് ചെയ്യാൻ കഴിയും.

Kochi Metro Rail കൊച്ചി മെട്രോയുടെ ആദ്യ സർവീസിൽ യാത്ര ചെയ്യാനെത്തിയവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

ആദ്യ ദിവസമായതിനാൽ സ്റ്റേഷനിലെ ജീവനക്കാർക്കു പുറമേ കെഎംആർഎല്ലിലെ ഉദ്യോഗസ്ഥരും ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് വിഭാഗം ജീവനക്കാരുമെല്ലാം യാത്രക്കാർക്കു നിർദേശം നൽകാൻ സ്റ്റേഷനുകളിലുണ്ട്. മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും പാർക്കിങ് സൗകര്യം പൂര്‍ത്തിയാകുന്നതുവരെ പാർക്കിങിനുള്ള താൽക്കാലിക ഇടങ്ങൾ പൊലീസ് നിശ്ചയിച്ചിട്ടുണ്ട്. ആലുവയിൽനിന്നുള്ള യാത്രക്കാർ സെമിനാരിപ്പടി - ആലുവ മണപ്പുറം റോഡിലും പാലാരിവട്ടം ഇടപ്പള്ളി മെട്രോ സ്റ്റേഷനുകളിൽ വരുന്നവർ കലൂർ സ്റ്റേഡിയത്തിനു സമീപമുള്ള പാർക്കിങ് ഏരിയയിലുമാണ് വാഹനങ്ങളിടേണ്ടത്. റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനു നിയന്ത്രണമുണ്ട്. തിരക്കു നിയന്ത്രിക്കാൻ ഓരോ സ്റ്റേഷനു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് വാഹനങ്ങളുടെ പട്രോളിങ്ങുമുണ്ടാകും.

Kochi Metro Rail കൊച്ചി മെട്രോയുടെ ആദ്യ സർവീസിൽ യാത്ര ചെയ്യാനെത്തിയവർ.

ആദ്യയാത്ര ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു കൊച്ചി സ്വദേശിനി ലിജി മനോരമ ഓൺലൈനിനോടു പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാൻ മെട്രോയ്ക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു. വളരെ മനോഹരമായാണു മെട്രോ സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നതെന്നു കണ്ണൂർ സ്വദേശിയായ അബ്ദുറഹിമാൻ പറ‍ഞ്ഞു.

Kochi Metro കൊച്ചി മെട്രോയുടെ ആദ്യ സർവീസിൽ യാത്ര ചെയ്യുന്നവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ.

ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കൊച്ചിൻ യൂണിവേഴ്സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം എന്നിവയാണു സ്റ്റേഷനുകൾ. സ്റ്റേഷനുകളിൽനിന്നു ടിക്കറ്റെടുത്തു മെട്രോയിൽ സഞ്ചരിക്കാം. മിനിമം യാത്രാനിരക്ക് 10 രൂപ. ആലുവയിൽനിന്നു പാലാരിവട്ടം വരെ 40 രൂപ. 25 മിനിറ്റുകൊണ്ട് ഓടിയെത്തും. ഓരോ സ്റ്റേഷനിൽനിന്നും കെഎസ്ആർടിസി സർവീസുകളുണ്ട്. വിവരങ്ങൾക്ക് : https://kochimetro.org

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.