മെട്രോയിലും ‘കലാവിരുത്’ തുടങ്ങി; പിഴ ഈടാക്കാൻ ഇനിയുമുണ്ട് കാരണങ്ങൾ

കോട്ടയം∙ കൊച്ചി മെട്രോയുടെ സേവനം നാലാം ദിനത്തിലേക്കു കടക്കുമ്പോൾ, സ്റ്റേഷനുകളിൽ മലയാളികളുടെ ‘കലാവിരുത്’. മെട്രോ സ്റ്റേഷനിലെ തൂണുകളിൽ മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങൾ വർധിച്ചതിനെത്തുടർന്നു നടപടികൾ കർശനമാക്കാൻ മെട്രോ അധികൃതർ തീരുമാനിച്ചു. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണു കെഎംആർഎല്ലിന്റെ ശ്രമം.

ആകാശപാളത്തിൽ കൊച്ചി

മെട്രോ നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്നു ആദ്യ ദിവസം ഉച്ചവരെ 15 പേർക്കാണു പിഴ ഈടാക്കിയത്. ഇതുവരെ 114 പേരിൽനിന്നു പിഴ ഇടാക്കി. തുക എത്രയെന്ന കാര്യം മെട്രോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ടിക്കറ്റെടുത്തതിനെക്കാൾ കൂടുതൽ ദൂരം യാത്ര ചെയ്തവരും, അനുവദിച്ച സമയത്തേക്കാൾ കൂടുതൽ സ്റ്റേഷനുകളിൽ ചെലവഴിച്ചവരുമാണു പിഴയടച്ചവരിൽ ഭൂരിപക്ഷവും.

പാലാരിവട്ടം, പത്തടിപാലം സ്റ്റേഷനുകളിലെ തൂണികളിലാണു മൂർച്ചയേറിയ വസ്തുക്കൾകൊണ്ടു പേരുകൾ എഴുതിയിരിക്കുന്നത്. പേപ്പറുകളും മറ്റു മാലിന്യങ്ങളും ഫ്ലോറിൽ വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. മാധ്യമങ്ങളിലൂടെയും അല്ലാതെയും യാത്രക്കാർക്കു നിർദേശങ്ങൾ നൽകിയിട്ടും മെട്രോ സ്റ്റേഷനുകൾ വൃത്തികേടാക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി കെഎംആർഎൽ അധികൃതരും വ്യക്തമാക്കുന്നു.

‘ആദ്യ യാത്രയിൽ ട്രെയിനിന്റെ വശത്തെ ഗ്ലാസുകൾക്കിടയിൽ ടിക്കറ്റുകൾ കുത്തിനിറച്ച സംഭവമുണ്ടായി. ഇതേത്തുടർന്നു യാത്രക്കാർക്കു നിർദേശം നൽകുകയും ജീവനക്കാർ ജാഗ്രത പാലിക്കുകയും ചെയ്തിട്ടും യാത്രക്കാരിൽ ചിലരുടെ മനോഭാവത്തിൽ മാറ്റം വന്നില്ലെന്നാണു സംഭവങ്ങൾ തെളിയിക്കുന്നത്’–പാലാരിവട്ടം സ്റ്റേഷനിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.

നിയമം ലംഘിച്ചാൽ മെട്രോയിലെ പിഴ ഇങ്ങനെ: 2002ലെ മെട്രോ നിയമം അനുസരിച്ചാണ് പിഴ ഈടാക്കുന്നത്.

∙ മദ്യപാനം, നാശനഷ്ടമുണ്ടാക്കൽ, വസ്തുക്കൾ വലിച്ചെറിയൽ, മോശം ഭാഷയിൽ സംസാരിക്കുക, സ്റ്റേഷനിലോ ട്രെയിനിലോ വച്ച് ഭക്ഷണം കഴിക്കുക, മറ്റു യാത്രക്കാരെ ശല്യം ചെയ്യുക (500 രൂപ പിഴ)

∙ നിരോധിച്ചിരിക്കുന്ന വസ്തുക്കൾ കൈവശം വയ്ക്കൽ (500 രൂപ പിഴ)

∙ സ്റ്റേഷനിലോ ട്രെയിനിലോ വരയ്ക്കുക, പോസ്റ്റർ പതിക്കുക (1000 രൂപ പിഴ)

∙ മെട്രോ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും മെട്രോ സ്റ്റേഷനിൽനിന്നോ, ട്രെയിനിൽനിന്നോ ഇറങ്ങാതിരിക്കൽ (1000 രൂപ പിഴ)

∙ ട്രാക്കിലൂടെയുള്ള നടത്തം (500 രൂപ പിഴ)

∙ ട്രെയിൻ ഗതാഗതം തടസപ്പെടുത്തൽ (2000 രൂപ പിഴ)

∙ ജീവനക്കാരുടെ ജോലി തടസപ്പെടുത്തൽ (1000 രൂപ പിഴ)

∙ ടിക്കറ്റില്ലാത്ത യാത്ര (50 രൂപ പിഴ)

∙ എമർജൻസി അലാറം ദുരുപയോഗം ചെയ്യൽ (1000 രൂപ പിഴ)

∙ വ്യാജ ടിക്കറ്റ് വിൽപ്പന (500 രൂപ പിഴ)