അതിർത്തിയിൽ വീണ്ടും പാക്ക് ആക്രമണം; രണ്ടു സൈനികർക്ക് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ വീണ്ടും പാക്കിസ്ഥാന്റെ ആക്രമണം. പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തിൽ രണ്ടു സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്ക് ഭാഗത്തും ഒരാൾ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ഭീകരനെ പാക്കിസ്ഥാൻ രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന ഏറ്റുമുട്ടലിന്റെ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെ സൈന്യത്തിന്റെ ജാഗ്രതയാണ് തടഞ്ഞത്. മേഖലയിൽ ഈ വർഷം ഇതു മൂന്നാം തവണയാണ് ‘ബാറ്റ്’ സംഘം നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ അധീനപ്രദേശത്തേക്കു കയറിയ ഭീകരർ, 600 മീറ്ററോളം ഉള്ളിലേക്ക് പ്രവേശിച്ചതായി സൈനിക വക്താവ് വ്യക്തമാക്കി.

കൊടുംഭീകരരെ ഉൾപ്പെടുത്തി പാക്ക് സൈന്യം രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘമാണു ബാറ്റ്. മേയ്മാസത്തിൽ കൃഷ്ണഘാട്ടിയിൽ രണ്ട് ഇന്ത്യൻ സൈനികരെ വധിച്ചു തലയറുത്തത് ബാറ്റ് സംഘമായിരുന്നു. അതിനുശേഷം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് ഭീകരരെയും ഉറി സെക്ടറിൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.