വീടു ലഭിക്കാൻ ബുദ്ധിമുട്ട്; കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു

കൊച്ചി മെട്രോയിൽ ജോലി ലഭിച്ച ഭിന്നലിംഗക്കാരിൽ ചിലർ.

കൊച്ചി∙ ലിംഗസമത്വത്തിന് പുതിയ ഭാഷ്യം ചമച്ച കൊച്ചി മെട്രോയിൽനിന്ന് ഭിന്നലിംഗക്കാരുടെ കൊഴിഞ്ഞു പോക്ക്. കൊച്ചി മെട്രോ റെയിലിൽ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരിൽ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ് ഇവരിൽ ഏറെപ്പേരെയും വലയ്ക്കുന്നത്. ഉയര്‍ന്ന വാടക നല്‍കി ജോലിയില്‍ തുടരാനാവാതെ വന്നതോടെ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയെന്നും ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി.

തങ്ങൾക്കു ലഭിക്കുന്ന ശമ്പളത്തിന് നഗരത്തിൽ വീടുകളോ മുറിയോ കിട്ടുന്നില്ലെന്ന് ഇടപ്പളളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗഞ്ജിനി വെളിപ്പെടുത്തി. ഭിന്നലിംഗ വിഭാഗത്തിൽ പെട്ടവരായതിനാൽ മുറികൾ നൽകാൻ പലർക്കും മടിയാണ്. നിലവിൽ പ്രതിദിനം 600 രൂപ വാടക നൽകി ലോഡ്ജ് മുറിയിലാണ് ഇവർ കഴിയുന്നത്. ഇത്തരത്തിൽ ഭീമമായ തുക വാടക നൽകി ഏറെനാൾ ജോലിയിൽ തുടരാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

താമസിക്കാനുള്ള സ്ഥലമില്ലായ്മ മാത്രമല്ല, തൊഴിലിടത്തിലെ ഒറ്റപ്പെടുത്തലും ചിലരെയെങ്കിലും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ മനം മടുത്ത് മെട്രോയിലെ ജോലി ഉപേക്ഷിച്ച് ലൈംഗികതൊഴിലിലേക്ക് തിരിഞ്ഞവര്‍ പോലുമുണ്ടെന്ന് ഭിന്നലിംഗ സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഫൈസലും വ്യക്തമാക്കുന്നു. വിപ്ലവകരം എന്ന് രാജ്യാന്തരതലത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ഒരു നടപടിയാണ് തുടക്കത്തില്‍ തന്നെ പാളുന്നത്.