കൊച്ചി മെട്രോയിലെ ട്രാന്‍സ്ജെന്‍ഡേഴ്സിനു താമസ സൗകര്യമൊരുങ്ങുന്നു

തിരുവനന്തപുരം ∙ കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് താമസ സൗകര്യമൊരുങ്ങുന്നു. ഇതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് മന്ത്രി കെ.ടി.ജലീല്‍ കെഎംആര്‍എലിനും കുടുംബശ്രീക്കും നിര്‍ദ്ദേശം നല്‍കി. നഗരത്തില്‍ താമസസൗകര്യം ലഭിക്കാത്തതിനാല്‍ കൊച്ചി മെട്രോയിലെ ജോലിയില്‍ നിന്ന് ട്രാന്‍സ്ജെൻഡേഴ്സ് കൊഴിഞ്ഞുപോകുന്നെന്ന വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. 

താമസിക്കാനൊരിടം കിട്ടാത്തതിനെ തുടര്‍ന്ന് കിട്ടിയ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരുടെ സങ്കടം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. കെഎംആര്‍എല്‍ തന്നെ ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗക്കാര്‍ക്ക് താമസസൗകര്യമൊരുക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ ഏകോപിപ്പിക്കുമെന്നും കുടുംബശ്രീയുടെ ചുമതലയുളള മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു. 

കൊച്ചി കാക്കനാട്ട് കന്യാസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഹോസ്റ്റലില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് താമസസൗകര്യമൊരുക്കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലുളളത്. ജോലി സ്ഥലത്തേക്കും തിരിച്ചും ഇവര്‍ക്ക് വാഹന സൗകര്യമേര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്ന് കെഎംആര്‍എല്‍ അറിയിച്ചു.