കൊച്ചി മെട്രോയിൽ പൊലീസുകാരുടെ ‘ഓസിന്’ യാത്ര; പരാതിയുമായി കെഎംആർഎൽ

കൊച്ചി∙ മെട്രോയുടെ ആദ്യദിനങ്ങളിൽ തന്നെ ഓസിന് യാത്രചെയ്യാൻ പൊലീസുകാർ കയറുന്നുവെന്ന് ആക്ഷേപം. കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. പകർപ്പ് സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ എസ്പിക്കും നൽകിയിട്ടുണ്ട്. എന്നാൽ മെട്രോയിലെ സുരക്ഷാജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരെ ആ മട്ടിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് എതിർവാദം.

ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്ര എന്നാണ് പരാതിയിൽ പറയുന്നത്. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലെയും പോലെ ടിക്കറ്റെടുത്ത് കയറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം.  എന്നാൽ മെട്രോ ഓടിത്തുടങ്ങുമ്പോഴേക്ക് ഉണ്ടായ ഈ ആക്ഷേപം പൊലീസ് ഉന്നതരെയാകെ ഞെട്ടിച്ചു. 

പ്രാഥമിക പരിശോധനയിൽ വ്യക്തമായ കാര്യങ്ങള്‍ അവർ വിശദീകരിക്കുന്നത് ഇങ്ങനെ: കേന്ദ്രസേനയായ സിഐഎസ്എഫ് മാതൃകയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിൽ രൂപീകരിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിൽ നിന്നുള്ളവരെയാണ് മെട്രോ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. സ്റ്റേഷനുകളിലെ ബാഗേജ് പരിശോധന, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ നിയന്ത്രണം ഇവർക്കാണ്. 128 പേരടങ്ങുന്ന എസ്ഐഎസ്എഫ് സംഘമാണ് നിലവിൽ പാലാരിവട്ടം മുതൽ ആലുവ വരെയുള്ള സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കുള്ളത്. ഇവരുടെ മേൽനോട്ടച്ചുമതലയുള്ള ഓഫീസർ തസ്തികകളിലുള്ളവർക്ക് വിവിധ മെട്രോ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യണമെങ്കിലും മറ്റു മാർഗമില്ല. ഇവർക്കായി ഇവിടെ വാഹനങ്ങളൊന്നും അനുവദിച്ചിട്ടില്ല. എസ്ഐഎസ്എഫിന് കൊച്ചിയിൽ യൂണിറ്റുമില്ല.

ഈ സാഹചര്യത്തിൽ ഇവരിൽ ചിലര്‍ക്കാണ് ടിക്കറ്റില്ലാതെ മെട്രോയിൽ യാത്ര ചെയ്യേണ്ടി വന്നത്. ഇതിനെ ഈ മട്ടിൽ പരാതിയാക്കി പർവതീകരിച്ച കെഎംആർഎല്ലിനോട് പൊലിസിൽ കടുത്ത അമർഷമുണ്ട്. ജോലിക്കിടയില്‍ യാത്ര വേണ്ടിവരുന്ന എസ്ഐഎസ്എഫുകാർക്കായി പ്രത്യേക പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് ഇപ്പോൾ പൊലീസ് നീക്കം.