ട്യൂബ് ലൈറ്റുകൾ ദേഹത്ത് അടിച്ചുപൊട്ടിച്ച് ഗൂർഖാലാൻഡിനായി പ്രതിഷേധം

ജിജെഎം പ്രവർത്തകർ ട്യൂബ് ലൈറ്റുകള്‍ ദേഹത്ത് അടിച്ചുപൊട്ടിക്കുന്നു. ചിത്രം: എഎൻഐ ട്വിറ്റർ.

ഡാർജിലിങ് ∙ വടക്കൻ ബംഗാളിലെ ഡാർജിലിങ് കുന്നുകൾ കേന്ദ്രമാക്കി ഗൂർഖാലാൻഡ് സംസ്ഥാനത്തിനായി ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) നടത്തുന്ന സമരം തുടരുന്നു. മേഖലയിലെ ഭരണസമിതിയായ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷന്റെ (ജിടിഎ) പകർപ്പുകൾ കത്തിക്കുകയും ട്യൂബ് ലൈറ്റുകൾ ദേഹത്ത് അടിച്ചു പൊട്ടിച്ചുമാണ് പ്രതിഷേധം നടക്കുന്നത്. തുടർച്ചയായ 13–ാം ദിവസവും മേഖലയിൽ ബന്ദ് തുടരുകയാണ്. റോഡിൽ പ്രതിഷേധം നടത്തിയ സമരക്കാർ ട്യൂബ് ലൈറ്റുകൾ നെഞ്ചിലും തലയിലും അടിച്ചു പൊട്ടിക്കുകയായിരുന്നു. പലർക്കും ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്.

ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷന്റെ (ജിടിഎ) പകർപ്പുകൾ കത്തിക്കുന്ന ജിജെഎം പ്രവർത്തകർ. ചിത്രം: എഎൻഐ ട്വിറ്റർ.

ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്‌ട്രേഷന്റെ പകർപ്പ് ഡാർജിലിങ്ങിന്റെ പലമേഖലകളിലും കത്തിച്ചു. ഡാർജിലിങ് കുന്നുകളിൽ അർധ സ്വയംഭരണാധികാരമുള്ള ഭരണസമിതിയാണ് ജിടിഎ. ഗൂർഖാലാൻഡ് സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന ജിജെഎമ്മുമായി ഉണ്ടാക്കിയ കരാർ ആണിത്. 2011 സെപ്റ്റബർ 2ന് ബംഗാൾ നിയമസഭയിൽ ഈ ബില്ല് പാസാക്കുകയും ചെയ്തു. എന്നാൽ, ജിടിഎയ്ക്ക് നിലവിൽ യാതൊരു പ്രസക്തിയുമില്ലെന്നാണ് ജിജെഎം പറയുന്നത്.

പ്രതിഷേധ പ്രകടനം നടത്തുന്ന ജിജെഎം പ്രവർത്തകർ.

‘ഞങ്ങൾക്ക് ജിടിഎ വേണ്ട, ഞങ്ങൾക്ക് വേണ്ടത് ഗൂർഖാലാൻഡ് ആണ്. പ്രത്യേക സംസ്ഥാനമെന്ന ആവശ്യവുമായി മുന്നോട്ടു പോകും. ജിഡിഎ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ജിടിഎ പകർപ്പ് കത്തിച്ചതിലൂടെ സംസ്ഥാന സർക്കാരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണ്’–ജിജെഎം നേതാവ് പറഞ്ഞു. ജിടിഎയിൽ നിന്ന് ചീഫ് എക്സിക്യൂട്ടീവ് ബിമൽ ഗുരുങ് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 45 പ്രതിനിധികളും കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.