Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് തോൽവി; ജേസൺ ഹോൾഡറിന് അഞ്ചു വിക്കറ്റ്

Antigua India West Indies Cricket ദിനേശ് കാർത്തിക്കിനെ പുറത്താക്കിയ വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ ആഹ്ലാദം. (ചിത്രം കടപ്പാട്: എപി)

ആന്റിഗ്വ ∙ രണ്ടു തോൽവികളിലെ ആദ്യപാഠം വെസ്റ്റ് ഇൻഡീസ് ഇത്തവണ തിരുത്തി. ടോസ് നേടിയ അവർ ബാറ്റിങ് തിരഞ്ഞെടുത്തു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ നേടിയ 189 റൺസ് പോലും ഇന്ത്യൻ ബാറ്റ്സ്മാർക്ക് അപ്രാപ്യമായപ്പോൾ നാലാം ഏകദിനത്തിൽ വിൻഡീസിന്റെ ജയം 11 റൺസിന്. സ്കോർ: വെസ്റ്റ് ഇൻഡീസ്–50 ഓവറിൽ ഒൻപതിന് 189. ഇന്ത്യ–49.4 ഓവറിൽ 178നു പുറത്ത്. അഞ്ചു വിക്കറ്റെടുത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് വിൻഡീസിന്റെ വിജയശിൽപി. അജിങ്ക്യ രഹാനെയും (91 പന്തിൽ 60) എം.എസ് ധോണിയും (114 പന്തിൽ 54) അർധ സെഞ്ചുറി നേടിയെങ്കിലും റൺനിരക്കിന്റെ സമ്മർദ്ദത്തിലായത് അവസാനം ഇന്ത്യയ്ക്കു തിരിച്ചടിയായി.

നേരത്തെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഹാർദ്ദിക് പാണ്ഡ്യയും ഉമേഷ് യാദവും രണ്ടു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവുമാണ് വിൻഡീസിനെ ചെറിയ സ്കോറിലൊതുക്കിയത്. ഗാലറിയിൽ ആളില്ലാതെയും ഇടയ്ക്കു മഴ പെയ്തും നിറംകെട്ടു പോയ പരമ്പരയിലെ നാലാം മൽസരത്തിലും നിലവാരം അതു പോലെ തന്നെ. ഷമിയുടെ ആദ്യ ഓവറിൽ ഫോറടിച്ചു തുടങ്ങിയെങ്കിലും പിന്നീട് വിൻഡീസിന്റെ റൺനിരക്ക് മൂന്നിലും താഴെയായി. നാല് ഓവർ പൂർത്തിയാകുമ്പോൾ ടെസ്റ്റ് മൽസരം പോലെ ഏഴു റൺസ് മാത്രമാണ് അവരുടെ സ്കോർ ബോർഡിലുണ്ടായിരുന്നത്. ഷമി എറിഞ്ഞ മൂന്നാം ഓവറും ഉമേഷിന്റെ നാലാം ഓവറും മെയ്ഡനായിരുന്നു. 15 ഓവർ പൂർത്തിയാകുമ്പോഴും വിൻഡീസ് അൻപതു കടന്നില്ല.

18–ാം ഓവറിൽ പാണ്ഡ്യയുടെ പന്തിൽ ജാദവിനു പിടി കൊടുത്ത് കൈൽ ഹോപ്പ് പുറത്തായതോടെ ഇന്ത്യൻ ബോളർമാർ പിടി മുറുക്കി. മൂന്ന് ഓവറുകൾക്കു ശേഷം എവിൻ ലൂയിസിനെ കുൽദീപ് യാദവും വീഴ്ത്തി. ക്യാപ്റ്റൻ കോഹ്‌ലിക്കു ക്യാച്ച്. 35 റൺസെടുക്കാൻ ലൂയിസ് എടുത്തത് 60 പന്തുകൾ. സ്ട്രൈക്ക് റേറ്റ് 58.33 മാത്രം. ഹോപ്പിന്റെ ബാറ്റിങും സമാനം– 63 പന്തിൽ 35. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന റോസ്റ്റൻ ചേസും (34 പന്തിൽ 24) ഷായ് ഹോപ്പുമാണ് (39 പന്തിൽ 25) പിന്നീട് വിൻഡീസ് ഇന്നിങ്സിനെ മുന്നോട്ടു കൊണ്ടു പോയത്. 

related stories