കഞ്ചാവുമായി കേ‍ാളജ് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കഞ്ചാവുമായി പിടിയിലായ പ്രിൻസും ശരത്തും

പാലക്കാട് ∙ സ്കൂൾ–കോളജുകൾ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച രണ്ടു ലക്ഷം രൂപയുടെ കഞ്ചാവുമായി കോളജ് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ സംരക്ഷണസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണു രണ്ടു സംഭവങ്ങളിലായി രണ്ടര കിലോയിലധികം കഞ്ചാവ് പിടിച്ചത്.

കോട്ടയം സ്വദേശികളായ കാഞ്ഞിപ്പള്ളി എരുമേലി വാഴക്കലയിൽ അമീർഷ മുഹമ്മദ് (22), നെല്ലിത്താനത്തു മുബാറക്ക് (21), പ്രിൻസ് (28), പത്തനംതിട്ട സ്വദേശി ശരത് (25) എന്നിവരെ അറസ്റ്റു ചെയ്തു. ശരത്തിന്റെയും പ്രിൻസിന്റെയും ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ പൊതികളാക്കി ഒളിപ്പിച്ചുസൂക്ഷിച്ച 150 ഗ്രാം കഞ്ചാവാണ് ആദ്യം എക്സൈസ് പിടിച്ചെടുത്തത്. പരിശോധന സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്നാണു കൂടുതൽ കഞ്ചാവ് പിടികൂടിയത്.

കഞ്ചാവുമായി പിടിയിലായ അമീർഷ മുഹമ്മദും മുബാറക്കും

പഴനിയിൽ നിന്നാണു കഞ്ചാവ്  കൊണ്ടുവന്നതെന്നും ജില്ലയിൽ സ്കൂൾ–കോളജുകൾ കേന്ദ്രീകരിച്ചു ലഹരിമരുന്നു വിൽക്കുന്നവരിൽ പ്രധാനികളാണ് ഇവരെന്നും എക്സൈസ് പറഞ്ഞു. ട്രെയിനിൽ കടത്താൻ ശ്രമിച്ച ഒന്നര കിലോയിലധികം കഞ്ചാവാണു കോട്ടയത്തെ കോളജ് വിദ്യാർഥികളായ മറ്റു രണ്ടുപേരിൽ നിന്നു പിടികൂടിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ചേർന്നായിരുന്നു പരിശോധന.