പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്രങ്ങൾ കാണാതായ സംഭവം: അന്വേഷണത്തിൽ വീഴ്ച

തിരുവനന്തപുരം ∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് എട്ടു വജ്രങ്ങൾ കാണാതായതിനെ പറ്റിയുള്ള പോലീസ് അന്വേഷണത്തിൽ വീഴ്ചയെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം. വിഗ്രഹത്തിന്റെ ശിരസ്സിൽ പതിപ്പിച്ചിരുന്ന വജ്രങ്ങൾ കാണാതായത് ഗൗരവമേറിയ വിഷയമായതിനാൽ ഇക്കാര്യം കോടതി പരിശോധിക്കണം. ക്ഷേത്ര സ്വത്തുക്കൾ പരിശോധിച്ചു വിലയിരുത്താൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കണം. ഫിനാൻസ് കൺട്രോളറായി പ്രേമചന്ദ്ര കുറുപ്പിനെ നിയമിക്കണമെന്നും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിയുടെ മെമ്പർ സെക്രട്ടറിയാക്കണമെന്നും അമിക്കസ് ക്യൂറി കോടതിയോട് ആവശ്യപ്പെട്ടു.

എച്ച്. വെങ്കിടേഷ് ഐപിഎസിനെ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനായി നിയമിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാറിനോടും രാജകുടുംബത്തോടും കോടതി നിർദ്ദേശിച്ചു. ചൊവ്വാഴ്ച രണ്ടുമണിക്ക് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.