ജിഷ്ണു കേസിൽ ഇടപെട്ടിട്ടില്ല; കൃഷ്ണദാസ് കുടുംബസുഹൃത്ത്: കെ.സുധാകരൻ

കണ്ണൂർ∙ ജിഷ്ണു പ്രണോയ് കേസിൽ താൻ ഇടപെട്ടു എന്ന വാർത്ത ശരിയല്ലെന്നു കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് താൻ മധ്യസ്ഥ ചർച്ചയ്ക്കു പോയത്. ജിഷ്ണു കേസിൽ കെപിസിസി നിലപാട് എടുത്തിട്ടുണ്ടെങ്കിലും ഷഹീർ കേസിൽ പാർട്ടി നിലപാട് എടുത്തിട്ടില്ല. പാർട്ടി നിലപാട് എടുക്കാത്ത വിഷയത്തിൽ മധ്യസ്ഥ ചർച്ചയ്ക്കു പോയതിൽ പാർട്ടിവിരദ്ധമായി ഒന്നുമില്ല. ഷഹീറിന്റെ കുടുംബവും നെഹ്റു ഗ്രൂപ്പും ഒരുമിച്ച് ആവശ്യപ്പെട്ടതുകൊണ്ടാണ് മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചത്. ചർച്ചയിലുടനീളം താൻ നിക്ഷ്പക്ഷ നിലപാടാണു സ്വീകരിച്ചതെന്നു ഷഹീർ തന്നെ മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. 

നെഹ്റു ഗ്രൂപ്പ് ഉടമ പി.കെ.കൃഷ്ണദാസുമായും അദ്ദേഹത്തിന്റെ കുടുംബവുമായി വർഷങ്ങളായി അടുപ്പമുണ്ട്. കെഎസ്‌യുവിന്റെ സജീവപ്രവർത്തകനായിരുന്നു കൃഷ്ണദാസ്. നല്ല കാലത്തു കൂടെ നിൽക്കുകയും ആപൽക്കാലത്തു തള്ളിപ്പറയുകയും ചെയ്യുന്ന അവസരവാദനയം തനിക്കില്ല. തന്റെ മകൻ പഠിക്കുന്നത് നെഹ്റു ഗ്രൂപ്പിന്റെ സ്ഥാപനത്തിലാണ്. എന്നാൽ ചർച്ചയിൽ നിക്ഷ്പക്ഷത പാലിച്ചെന്നും നെഹ്റു ഗ്രൂപ്പിന്റെ വിദ്യാർഥിവിരുദ്ധ നിലപാടുകളെ താൻ വിമർശിച്ചിട്ടുണ്ടെന്നു സുധാകരൻ പറഞ്ഞു. 

പാർട്ടി നിലപാട് എടുക്കാത്ത ഒരു വിഷയം പരിഹരിക്കാൻ ഇടപെടുക മാത്രമാണു ചെയ്തത്. ജിഷ്ണു കേസിലും തനിക്കു വ്യക്തിപരമായ അഭിപ്രായമുണ്ട്. എന്നാൽ പാർട്ടി ഒരു നിലപാട് എടുത്തപ്പോൾ അതിനൊപ്പം നിൽക്കുകയാണു ചെയ്തത്. ജിഷ്ണു കേസും ഷഹീർ കേസും രണ്ടാണ്. ജിഷ്ണു മരിക്കുന്നതിനു മാസങ്ങൾക്കു മുൻപു നടന്ന കേസാണിത്. ജിഷ്ണു കേസ് അട്ടിമറിക്കാൻ താൻ ഒരു ചെറുവിരലക്കി എന്നു തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.