Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരലംഘനം നടത്തിയ കെ.പി.ശങ്കരദാസിനെ പുറത്താക്കണം: പി.കെ. കൃഷ്ണദാസ്

PK Krishnadas

പത്തനംതിട്ട∙ ശബരിമലയിൽ ആചാരം ലംഘിച്ച് ഇരുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറുകയും ഇറങ്ങുകയും ചെയ്ത ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസിനെ പുറത്താക്കണമെന്നും തന്ത്രിക്കെതിരെ നോട്ടിസ് നൽകാൻ ദേവസ്വം ബോർഡിനോ സർക്കാരിനോ അധികാരമില്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

തന്ത്രിക്കും മേൽശാന്തിക്കും പന്തളം കൊട്ടാരം പ്രതിനിധികൾക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപ‌ടി ചവിട്ടാൻ അനുവാദമുള്ളു. ഇതിനു വിരുദ്ധമായാണു ശങ്കരദാസ് പ്രവർത്തിച്ചത്. തീർഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കേണ്ട സർക്കാരും ദേവസ്വം ബോർഡും ചേർന്നു ശുദ്ധജലം മുടക്കി. ശുചിമുറികൾ പൂട്ടിയിട്ടു. താമസിക്കാനുള്ള മുറികൾ നൽകാതെ പൂട്ടിതാക്കോൽ മാറ്റിവച്ചു. അയ്യപ്പന്മാർ എത്താതിരിക്കാൻ വാഹനങ്ങൾ തടഞ്ഞിട്ടു. മനുഷത്വരഹിതമായ പ്രവർത്തനമാണിത്. ശബരിമലയെ തകർക്കാൻ സിപിഎം നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണിത്. ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഒഴിവാക്കി അംഗം ശങ്കരദാസിലൂടെയാണു മുഖ്യമന്ത്രി ഇതു നടപ്പാക്കിയത്. ദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും ഇതിൽ പ്രതികളാണ്.

ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുമന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബോർഡ് അംഗം തന്നെ ആചാരം ലംഘിച്ചത് ഗൗരവമുള്ള സംഭവമാണ്. തെറ്റുപറ്റിയെങ്കിൽ അിരുത്തുന്നതിനു പകരം തന്റെ പടികയറ്റവും ഇറക്കവും ആചാരത്തിന്റെ ഭാഗാണെന്നു പറഞ്ഞു ന്യായീകരിക്കുകയാണ്. അതിനാൽ പുറത്താക്കുകയാണു വേണ്ടത്. എൻഎസ്എസ് കരയോഗ മന്ദിരങ്ങൾ ആക്രമിക്കുന്നതും ജനറൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി റീത്തുവെയ്ക്കുന്നതിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണം. സർക്കാർ പൊലീസിനെ കയറൂരി വിട്ടതിന്റെ അവസാനത്തെ തെളിവാണ് നെയ്യാറ്റിൻകരയിൽ ഡിവൈഎസ്പി യുവാവിനെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്തിയത്. കുറ്റവാളിയെ പിടികൂടാതെ സംരക്ഷിക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതേസമയം, ആചാര സംരക്ഷണത്തിനായുള്ള ബിജെപിയുടെ സംസ്ഥാനതല ശബരിമല രഥയാത്ര വ്യാഴാഴ്ച കാസർകോട് ജില്ലയിലെ മധൂരിൽനിന്നു പുറപ്പെടും. കർണാടക മുൻമുഖ്യമന്ത്രി വി.എസ്. യെഡിയൂരപ്പ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, എൻഡിഎ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവർ നയിക്കും. 10 ജില്ലകളിൽ പര്യടനം നടത്തി രഥയാത്ര 13നു പത്തനംതിട്ടയിൽ സമാപിക്കും. 50,000 സ്ത്രീകൾ ഉൾപ്പെടെ 1 ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണു സമാപനം