Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രിയുടെ നീക്കം ജാതിമത കലാപം സൃഷ്ടിക്കാൻ: പി.കെ. കൃഷ്ണദാസ്

pk-krishnadas പി.കെ. കൃഷ്ണദാസ്

കൊച്ചി ∙ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെയോ സിപിഎമ്മിന്റെയോ മുൻവിധിയോടുകൂടിയുള്ള സർവകക്ഷിയോഗം അധരവ്യായാമം മാത്രമായി മാറുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ആത്മാർഥമായിട്ടാണു സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചതെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തു ജാതിമത കലാപം സൃഷ്ടിക്കാൻ മുഖ്യമന്ത്രി ആസൂത്രിതമായി നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് കഴിഞ്ഞ മാസം ഒരു മുസ്‍ലിം യുവതിയെ ശബരിമലയിൽ കയറ്റാൻ ശ്രമം നടന്നത്. ഈ യുവതിയെ ശബരിമലയിൽ കൊണ്ടുവന്നത് സംസ്ഥാന സർക്കാർ ആണ്. കലാപം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടതോടെ ജാതീയ കലാപം ഉണ്ടാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്– കൃഷ്ണദാസ് ആരോപിച്ചു.

മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ക്ഷേത്ര പ്രവേശന വിളംബരത്തെ സവർണ–അവർണ സമരത്തിന്റെ ഭാഗമായിട്ടാണു കാണുന്നത്. ശബരിമല വിഷയത്തെയും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമായി കാണുന്നതിനു പകരം അതിനെ സവർണ അവർണ വിഷയമാക്കിമാറ്റാനാണ് സിപിഎമ്മും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത്. അതിന് ആക്കം കൂട്ടാനാണു ക്ഷേത്ര പ്രവേശന വിളംബരത്തെ വികലമായി ഇപ്പോൾ അവതരിപ്പിക്കുന്നത്. ജാതീയമായ സ്പർധ ഉണ്ടാക്കി ഒരു ജാതീയ കലാപത്തിലേക്കു നയിക്കാനാണു മുഖ്യമന്ത്രിയുടെ അജൻഡ.

മുഖ്യമന്ത്രിയുടെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ പൊലീസ് തയ്യാറാകണം. പ്രസംഗത്തിനിടയിൽ സുവർണാവസരം എന്നു പറഞ്ഞു പോയതാണ് ശ്രീധരൻപിള്ള ചെയ്ത തെറ്റ്. സുവർണാവസരത്തെ കലാപമായി വ്യാഖ്യാനിച്ചിട്ടാണു കള്ളക്കേസ് എടുത്തിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് ബിജെപി അധ്യക്ഷനെതിരെ കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

related stories