Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജുനൈദിന്റെ കൊലപാതകം ബീഫിന്റെ പേരിലല്ല; സീറ്റിനെച്ചൊല്ലിയെന്ന് പൊലീസ്

Naresh-Nath ജുനൈദ് ഖാന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രധാനപ്രതി നരേഷ് നാഥ്.

ന്യൂഡൽഹി∙ ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദ്ദനവും കത്തിക്കുത്തുമേറ്റു ജുനൈദ് ഖാൻ എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഹരിയാന പൊലീസ്. ഇതുവരെ കരുതിയിരുന്നതുപോലെ ബീഫിന്‍റെ പേരിലായിരുന്നില്ല ജുനൈദ് ഖാന്റെ മരണമെന്നാണ് വിശദീകരണം. ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നും ഫരീദാബാദ് റയില്‍വെ എസ്പി കമല്‍ദീപ് പറഞ്ഞു.

കേസിലെ പ്രധാനപ്രതി നരേഷ് നാഥിനെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് സൂപ്രണ്ട് പുറത്തുവിട്ടത്. ജുനൈദിനെ കുത്തിയതായി പ്രതി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, കുത്തേറ്റ് കിടന്ന പതിനേഴുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്നു രക്തംവാര്‍ന്നാണു മരണം സംഭവിച്ചതെന്നു പൊലീസ് പറഞ്ഞു.

അതേസമയം, പ്രതിയായ നരേഷ് നാഥിന് വധശിക്ഷ നല്‍കണമെന്നു ജുനൈദിന്‍റെ പിതാവ് ജലാലുദീന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 22നാണ് മഥുര–ഗാസിയാബാദ് ട്രെയിനില്‍ ജുനൈദും സഹോദരന്മാരും അതിക്രമത്തിനിരയായത്.

ഡൽഹിയിലെ സദർ ബസാറിൽ നിന്ന് ഈദ് ആഘോഷത്തിനാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണു ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീർ, മുഹ്സിൻ എന്നിവരും ആക്രമണത്തിനിരയായത്. മാട്ടിറച്ചി കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു അക്രമണമെന്നായിരുന്നു റിപ്പോർട്ട്. ട്രെയിൻ ഓഖ്‍ല സ്റ്റേഷനിലെത്തിയപ്പോൾ ഇരുപത്തഞ്ചോളം ആളുകൾ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോൾ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവർഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവർ, പാക്കിസ്ഥാനികൾ, മാട്ടിറച്ചി കഴിക്കുന്നവർ എന്നൊക്കെ വിളിച്ചാണു ചീത്ത പറഞ്ഞതും തല്ലിയതുമെന്നു ബന്ധുക്കൾ പറഞ്ഞിരുന്നു.