രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് അവസാനിച്ചു, വോട്ടെണ്ണൽ 20ന്

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ തമിഴ്നാട് നിയമസഭയിലെത്തിയ എംഎൽഎമാർ.

ന്യൂഡൽഹി∙ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവസാനിച്ചു. സംസ്ഥാന നിയമസഭകളിലും പാർലമെന്റിലുമാണ് പോളിങ് ബൂത്തുകൾ ക്രമീകരിച്ചിരുന്നത്. 20നാണ് വോട്ടെണ്ണൽ. സംസ്ഥാന നിയമസഭകളിലെ ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ച ശേഷമാണു വോട്ടെണ്ണുക. എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദിനു പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിനേക്കാൾ വ്യക്തമായ മുൻതൂക്കമുണ്ട്. നിലവിലെ സാഹചര്യത്തിൽ 64 ശതമാനം വോട്ടുകളും കോവിന്ദിന് ലഭിക്കുമെന്നാണ് കരുതുന്നത്. എൻഡിഎ കക്ഷികൾക്കു പുറമെ ജെഡിയു, ബിജെഡി, ടിആർഎസ്, വൈഎസ്ആർ കോൺഗ്രസ്, എഐഡിഎംകെ കക്ഷികളും കോവിന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനെത്തിയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 139 എംഎൽഎമാരും വോട്ട് രേഖപ്പെടുത്തി. 138 പേർ കേരള നിയമസഭയിലും പാറക്കൽ അബ്ദുള്ള ചെന്നൈയിലാണ് വോട്ടു ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്്പീക്കർ, മന്ത്രിമാർ എന്നിവരെല്ലാം രാവിലെ തന്നെ വോട്ട് ചെയ്തു. 138 പേരുടെ വോട്ടുകൾ പ്രതിപക്ഷ സ്ഥാനാർഥി മീരാകുമാറിന് ലഭിക്കും. ബിജെപി എംഎൽഎ ഒ.രാജഗോപാലിന്റെ വോട്ട് രാംനാഥ് കോവിന്ദിനും ലഭിക്കും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി.

സംസ്ഥാനത്തെ എംഎൽഎമാരുടെ ആകെ വോട്ടുകളുടെ മൂല്യം ഇരുപത്തി ഒന്നായിരത്തി ഒരുനൂറ്റി ഇരുപത്തിയെട്ടാണ്. ഭരണപക്ഷത്തു നിന്ന് എസ്.ശർമയും പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനുമായിരുന്നു പോളിങ് ഏജന്റുമാർ.