ആവശ്യങ്ങൾ ന്യായം; സമരം ചെയ്യുന്ന നഴ്സുമാർക്ക് ഇടതുമുന്നണിയുടെ പിന്തുണ

തിരുവനന്തപുരം∙ ശമ്പള വർധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് പിന്തുണയുമായി ഇടതുമുന്നണി. നഴ്സുമാരുടെ ആവശ്യങ്ങൾ ന്യായമാണ്. അവരുടെ സമരം വേഗം തീർക്കണമന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രശ്നം വ്യാഴാഴ്ച പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.

കേരളത്തിന് ഉതകുന്ന വിധം നദീജല കരാറുകൾ പുനഃപരിശോധിക്കണമെന്നും എൽഡിഎഫ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അന്തർസംസ്ഥാന ജലകരാറുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നു.

വ്യാഴാഴ്ച വൈകിട്ട് നാലിനാണ് മുഖ്യമന്ത്രി നഴ്സുമാരുടെ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിനാൽ ഒരു വിഭാഗം സമരം നിർത്തി. ഒരു വിഭാഗം ഇപ്പോഴും സമരം തുടരുകയാണ്. ചർച്ചയിലെ തീരുമാനം അനുകൂലമാണെങ്കിൽ മാത്രമേ സമരം പിൻവലിക്കൂവെന്ന നിലപാടിലാണവർ.

സർക്കാർ പുതുക്കി നിശ്ചയിച്ച ജനറൽ നഴ്സുമാരുടെ ശമ്പളം ഇങ്ങനെയാണ്:

20 കിടക്കവരെയുള്ള ആശുപത്രികളിൽ - 18,232 രൂപ. 21 മുതൽ 100 കിടക്കവരെ - 19,810 രൂപ, 101 മുതൽ 300 കിടക്കവരെ - 20,014 രൂപ, 301 മുതൽ 500 കിടക്കവരെ - 20,980 രൂപ, 501 മുതൽ 800 കിടക്കവരെ - 22,040 രൂപ, 800 കിടക്കകൾക്കു മുകളിൽ 23,760 രൂപ.

സ്വീപ്പർമാർ ഉൾപ്പെടെ താഴ്ന്ന നിലയിലുള്ള ജീവനക്കാരുടെ ശമ്പളം 7775ൽനിന്നു 15,600 ആകും. ഇതാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഏഴു സംഘടനകൾ പങ്കെടുത്ത യോഗം അംഗീകരിച്ചത്. എന്നാൽ, 20 കിടക്കയിൽ താഴെയുള്ളതടക്കം എല്ലാ ആശുപത്രിയിലെയും നഴ്സുമാർക്കു കുറഞ്ഞത് 20,000 രൂപ ശമ്പളം എന്നതാണു സമരരംഗത്തുള്ള നഴ്സിങ് സംഘടനകളുടെ ആവശ്യം.

സർക്കാർ നിശ്ചയിച്ച നിരക്കനുസരിച്ച് 300 കിടക്കയ്ക്കു മുകളിലുള്ള ആശുപത്രികളിലെ നഴ്സുമാർക്കു മാത്രമേ 20,000 രൂപ ശമ്പളം ലഭിക്കുകയുള്ളൂ.