കാസർകോട് കോൺഗ്രസ് അക്കൗണ്ട് തുറന്നു; ബിജെപിയിൽ നിന്ന് സീറ്റ് പിടിച്ചെടുത്തു

കാസർകോട് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസിലെഎസ്.രഹ്നയെ കെപിസിസി അധ്യക്ഷൻ എം.എം.ഹസനും സഹപ്രവർത്തകരും അനുമോദിക്കുന്നു.

കാസർകോട്∙ യുഡിഎഫ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ ഒരു സീറ്റുമില്ലെന്ന നാണക്കേട് കോൺഗ്രസ് തിരുത്തി. വനിതാ സംവരണ വാര്‍ഡായ കടപ്പുറം സൗത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയിൽ നിന്ന് 84 വോട്ടുകൾക്ക് കോൺഗ്രസിലെ എസ്.രഹ്ന സീറ്റ് പിടിച്ചെടുത്തു. രഹനയ്ക്ക് 625 വോട്ടും ബിജെപിയിലെ കെ.സരളയ്ക്ക് 541 വോട്ടും ലഭിച്ചു. സിപിഎമ്മിലെ ജി.ബിന്ദുവിന് 90 വോട്ട് ലഭിച്ചു. സീറ്റിങ് കൗൺസിലറായിരുന്ന ബിജെപിയുടെ കെ.പ്രേമ അസുഖബാധിതയായി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. കഴിഞ്ഞതവണ 73 വോട്ടിനായിരുന്നു ഇവിടെ ബിജെപി ജയം. അന്നു 40 വോട്ടു മാത്രം നേടിയ സിപിഎം 90 വോട്ടുമായി നില വർധിപ്പിച്ചു.

മലപ്പുറം: ജില്ലയിലെ നാലു തദ്ദേശ സ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടു വാർ‍‍ഡുകൾ യുഡിഎഫിൽനിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എടക്കര പഞ്ചായത്ത് മൂന്നാം വാർഡിലും തലക്കാട് പഞ്ചായത്ത് മൂന്നാം വാർഡിലുമാണ് എൽഡിഎഫ് ജയിച്ചത്. കോട്ടയ്ക്കൽ നഗരസഭയിലെ എട്ടാം വാർഡും മൂർക്കനാട് പഞ്ചായത്തിലെ ഒന്നാം വാർഡും യുഡിഎഫ് നിലനിർത്തി. 

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എൽഡിഎഫിന് വിജയം. വൈക്കം ഉദയനാപുരത്ത് സിപിഎമ്മിലെ ആർ. രശ്മി (ഭൂരിപക്ഷം 277) ജയിച്ചു. പാമ്പാടി പള്ളിക്കത്തോട് സിപിഎമ്മിലെ റൂബി തോമസ് ജയിച്ചത് 21 വോട്ടിന്. ഇവിടെ പ്രത്യകം മൽസരിച്ച സിപിഐയ്ക്ക് 15 വോട്ടാണ് ലഭിച്ചത്. കല്ലറയിൽ ഇടതുമുന്നണിയുടെ ആർ. അർച്ചന 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു.

കണ്ണൂർ: ഉപതിരഞ്ഞെടുപ്പ് നടന്ന തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ധർമടം വാർഡ് എൽഡിഎഫും പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ വാർഡ് യുഡിഎഫും നിലനിർത്തി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ധർമടം വാർഡിൽ സിപിഎമ്മിലെ പി.സീമ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന കെ.രവീന്ദ്രൻ മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. പയ്യാവൂർ പഞ്ചായത്തിലെ ചമതച്ചാൽ വാർഡിൽ കോൺഗ്രസിലെ ജയൻ മല്ലിശേരി വിജയിച്ചു. പഞ്ചായത്ത് അംഗമായിരുന്ന പൊക്കിളി കുഞ്ഞിരാമൻ മരിച്ചതിനെത്തുടർന്നായിരുന്നു ഇവിടെ ഉപതിരഞ്ഞെടുപ്പ്.

ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റുനിലനിർത്തി. 147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ശ്രീകല വിജയിച്ചത്.

പാലക്കാട്: കെ‍ാടുവായൂർ പഞ്ചായത്ത് മൂന്നാംവാർഡായ ചാന്തുരുത്തിയിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.എം.പത്മകൃഷ്ണൻ 220 വേ‍ാട്ടിന് വിജയിച്ചു. വാർഡ് അംഗം സി.കെ. മേ‍ാഹനകൃഷ്ണൻ മരിച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. വിജയിച്ച പത്മകൃഷ്ണന്റെ പിതാവാണ് മേ‍ാഹനകൃഷ്ണൻ.

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ ഏഴാംവാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു വിജയം. 156 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വാർഡ് നിലനിർത്തി.