രാഷ്ട്രപതി തിര‍ഞ്ഞെടുപ്പ്: വോട്ടുകൾ എണ്ണുന്നത് എങ്ങനെ, ഫലം എപ്പോൾ അറിയാം?

റാം നാഥ് കോവിന്ദ്

ന്യൂഡൽഹി∙ ഇന്ത്യയുടെ 14–ാമത് രാഷ്ട്രപതിയെ ഇന്നു തിരഞ്ഞെടുക്കുകയാണ്. രാവിലെ 11ന് വോട്ടെണ്ണിത്തുടങ്ങും. വൈകുന്നേരം അഞ്ചുമണിയോടെ രാഷ്ട്രപതി ഭവനിൽ അടുത്തതാര് എന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 99 ശതമാനത്തോളം വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥി റാം നാഥ് കോവിന്ദ് 60 ശതമാനത്തിലേറെ പിന്തുണ നേടി വിജയം ഉറപ്പിച്ചിട്ടുണ്ട്. മുൻ സ്പീക്കർ മീരാ കുമാർ ആണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥി. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് എങ്ങനെയെന്നു അറിയാം.

Presidential Election India 2017 | രാഷ്ട്രപതി തിരഞ്ഞെടുപ്പ് 2017

∙ വോട്ടുകൾ ശേഖരിച്ചുവച്ചിരിക്കുന്നത് ആകെ 32 ബാലറ്റ് പെട്ടികളിൽ. പാർലമെന്റിൽ വോട്ട് ചെയ്തവരുടേത് ഒരു പെട്ടിയിലും 31 സംസ്ഥാനങ്ങളിൽനിന്ന് ഓരോ പെട്ടിയുമാണ് ഉള്ളത്. എട്ട് റൗണ്ടുകളിലായി ഇവ എണ്ണും.

∙ ആദ്യം പാർലമെന്റിലെ ബാലറ്റ് പെട്ടി തുറന്ന് വോട്ടെണ്ണും. പിന്നീട് സംസ്ഥാനങ്ങളുടെ പെട്ടികൾ ഇംഗ്ലിഷ് അക്ഷരമാലാ ക്രമത്തിൽ തുറന്ന് വോട്ടെണ്ണും.

∙ ഓരോ റൗണ്ടിനുശേഷവും ഫലം പുറത്തുവിടും.

∙ പൂർണഫലം പ്രതീക്ഷിക്കുന്നത് വൈകുന്നേരം അഞ്ചുമണിയോടെ.

∙ 54 എംപിമാർ സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് ചെയ്തത്. നാല് എംഎൽഎമാർ പാർലമെന്റിലും നാല് എംഎൽഎമാർ മറ്റു സംസ്ഥാനങ്ങളിലും വോട്ട് രേഖപ്പെടുത്തി.

∙ രഹസ്യാത്മകത സൂക്ഷിക്കാൻ, അത്തരം വോട്ടുകളെല്ലാം അതതു സംസ്ഥാനങ്ങളിലെ / പാർലമെന്റിലെ വോട്ടുകളുമായി കൂട്ടിയാണ് പരിഗണിക്കുന്നത്.