രാഷ്ട്രപതിയായെത്തുമ്പോൾ കോവിന്ദിനായി തുറക്കും, അന്നടച്ച വാതിലുകൾ

റാം നാഥ് കോവിന്ദ്

ഇന്ത്യയുടെ പ്രഥമ പൗരനായി റാം നാഥ് കോവിന്ദ് തിരഞ്ഞെടുക്കപ്പെടുമ്പോൾ, അദ്ദേഹത്തിന്റെ അടുപ്പക്കാർ കൗതുകത്തോടെ ഓർമിക്കുന്ന ഒരു സംഭവമുണ്ട്. ഏതാനും മാസങ്ങൾക്കുമുൻപ്, രാഷ്ട്രപതിയുടെ ഷിംലയിലുള്ള വേനൽക്കാല വസതി സന്ദർശിക്കാനെത്തിയ കോവിന്ദിനെയും കുടുംബത്തെയും കാവൽക്കാരായ പൊലീസുകാർ മടക്കി അയച്ച സംഭവം. രാഷ്ട്രപതി ഭവനിൽനിന്നു മുൻകൂർ അനുമതി വാങ്ങിയില്ല എന്ന കാരണം പറഞ്ഞാണു അന്നു ബിഹാർ ഗവർണറായിരുന്ന കോവിന്ദിനും കുടുംബത്തിനും അധികൃതർ പ്രവേശനം നിഷേധിച്ചത്.

ഷിംലയിലെ മഷോബ്രയിലെ ഈ വസതിയിലാണ് വേനൽക്കാലത്ത് രാഷ്ട്രപതിയും കുടുംബവും താമസിക്കുന്നത്. ഹൈദരാബാദിലും രാഷ്ട്രപതിക്ക് വേനൽക്കാലവസതിയുണ്ട്. ബിഹാർ ഗവർണറായിരിക്കെ കോവിന്ദും ഭാര്യ സവിതയും മകൻ പ്രശാന്ത് കുമാറും മകൾ സ്വാതിയും കുടുംബാംഗങ്ങളും മേയ് 30നാണ് ഷിംലയിലെത്തിയത്. ഷിംലയിലെ രാജ്ഭവനിലാണ് ഇവർ താമസിച്ചത്. രാഷ്ട്രപതിയുടെ വേനൽക്കാല വസതി സന്ദർശിക്കാനെത്തിയ കോവിന്ദിനെയും കുടുംബത്തെയും പൊലീസുകാർ തടഞ്ഞപ്പോൾ അദ്ദേഹം ഒരു പരാതിയും പറയാതെ മടങ്ങുകയായിരുന്നു. തിരിച്ചു ഗവർണറുടെ വസതിയിലെത്തിയ ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

പരൗംഖ് ഗ്രാമത്തിന്റെ സ്വന്തം കോവിന്ദ്

ഉത്തർ പ്രദേശിലെ കാൻപുരിൽ പരൗ‌ംഖിലാണു റാം നാഥ് കോവിന്ദ് ജനിച്ച വീട്. ഇന്ന് ആ വീടില്ല. മൈക്കു ലാലും ഭാര്യ കലാവതിയും നാലു മക്കളെ വളർത്തിയ വീട് ഇന്ന് ഒരു കമ്യൂണിറ്റി ഹാളാണ്. വീടിനെ അങ്ങനെ മാറ്റിയതു റാം നാഥ് കോവിന്ദ് തന്നെ. കുടുംബവീട്ടിൽ ആരും താമസിക്കാനില്ലാതെ വന്നപ്പോൾ അതു ഗ്രാമവാസികൾക്കാകെ ഉപകരിക്കുന്ന ഹാളാക്കി മാറ്റാൻ കോവിന്ദ് തീരുമാനിച്ചു.

Read More: India Presidential Election Voting Statistics

കോവിന്ദ് ഉൾപ്പെടുന്ന കോലി സമുദായത്തിൽ ഭൂരിഭാഗവും ഇന്നും പാവപ്പെട്ട നെയ്ത്തുതൊഴിലാളികളാണ്. അവർക്കു തങ്ങളുടെ ചടങ്ങുകൾക്കു വലിയ തുക നൽകി ഹാളുകൾ വാടകയ്ക്കെടുക്കാൻ കെൽപില്ല. അതുകൂടി പരിഗണിച്ചാണു വീടിനെ ഇങ്ങനെ മാറ്റാൻ തീരുമാനിച്ചത്. ദലിതരിൽത്തന്നെ തീരെ പിന്നാക്കമാണു കോലി സമുദായമെന്നു പറയാം. മുക്കാൽ നൂറ്റാണ്ടു മുമ്പു റാം നാഥ് കോവിന്ദിന്റെ മാതാപിതാക്കൾ മകനെ പഠിക്കാൻ അയച്ചതുതന്നെ അദ്ഭുതമായിരുന്നു.

പടിപടിയായി കയറിയ ഉയരങ്ങൾ

സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചിട്ടും അഭിഭാഷകനായി തുടരാനായിരുന്നു റാം നാഥ് കോവിന്ദിന്റെ തീരുമാനം. അതേസമയം 45–ാം വയസ്സിൽ അതേ അഭിഭാഷകവൃത്തിയിൽ‌നിന്നു രാഷ്ട്രീയത്തിലേക്കു മാറാനും തീരുമാനിച്ചു. ആ തീരുമാനം തെറ്റായിരുന്നില്ല എന്ന് ഇപ്പോൾ കാൽനൂറ്റാണ്ടിനുശേഷം തെളിയുകയാണ് – ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ.

ഉത്തർപ്രദേശിലെ തികച്ചും പിന്നാക്കം നിൽക്കുന്ന ഗ്രാമത്തിൽ, നെയ്ത്തു തൊഴിലാക്കിയ കുടുംബത്തിൽ ജനിച്ച റാം നാഥിനു പക്ഷേ, ജീവിതത്തിൽ മുന്നേറണം എന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. 26–ാം വയസ്സിൽ കോലി സമുദായത്തിന്റെ സംഘടനയായ അഖില ഭാരതീയ കോലി സമാജത്തിന്റെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്ത റാം നാഥ് വിദ്യാഭ്യാസവും സംഘടനാ പ്രവർത്തനവും ഒരേപോലെ കൈകാര്യം ചെയ്തു.

റാം നാഥ് കോവിന്ദ് ബിഹാർ ഗവർണർ ആയിരിക്കെ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കൊപ്പം (ഫയൽ ചിത്രം).

കാൻപുരിൽനിന്നു ഡൽഹിയിലേക്കു പ്രവർത്തനമണ്ഡലം മാറ്റിയത് അഭിഭാഷകജോലിയിൽ കുറെക്കൂടി ഉയരങ്ങളിലെത്താനായിരുന്നു. ജനതാ ഭരണ കാലത്തു പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ ഓഫിസിൽ പ്രവർത്തിച്ച റാം നാഥ് കോവിന്ദിനു രാഷ്ട്രീയത്തോട് അന്നേ ആഭിമുഖ്യമുണ്ടായിരുന്നു. എന്നാൽ, ആദ്യം അഭിഭാഷകൻ എന്ന നിലയ്ക്കു സ്ഥാനമുറപ്പിക്കാനായിരുന്നു ശ്രമം. 1977ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായ റാം നാഥ് കോവിന്ദ് 1981ൽ സുപ്രീം കോടതിയിൽ സർക്കാരിന്റെ ജൂനിയർ അഭിഭാഷകനായി. ദലിത്, പിന്നാക്ക, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ കേസുകൾ നടത്താൻ നേരിടുന്ന പ്രയാസങ്ങൾ നേരിട്ടു മനസ്സിലാക്കിയ റാം നാഥ് അവർക്കായി ഡിപ്രസ്ഡ് ക്ലാസസ് ലീഗൽ എയ്ഡ് ബ്യൂറോയിൽ സജീവമായി. 1978ൽ സുപ്രീം കോടതിയിൽ അഡ്വക്കറ്റ് ഓൺ റെക്കോഡ് ആയി.

ബിജെപി അംഗമായി രാഷ്ട്രീയത്തിലേക്ക്

1991ൽ ബിജെപിയിൽ അംഗമായ റാം നാഥ് കോവിന്ദിന്റെ പ്രവർത്തനം അന്നത്തെ പാർട്ടിനേതാക്കളായ അടൽ ബിഹാരി വാജ്പേയി, എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ 1994 ഏപ്രിലിൽ ഉത്തർപ്രദേശിൽനിന്നു രാജ്യസഭാംഗമായി. പിന്നെയും മൂന്നു വർഷം കഴിഞ്ഞ് 1997ലാണ് റാം നാഥ് കോവിന്ദ് ആദ്യമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമാകുന്നത്.

പാർലമെന്റിൽ കോവിന്ദിന്റെ പ്രവർത്തനം ശ്രദ്ധേയമായതു മൂന്നു കമ്മിറ്റികളിൽ അംഗമെന്ന നിലയിലാണ് – പട്ടികജാതി, പട്ടികവർഗ ക്ഷേമ സമിതി, സാമൂഹികനീതി ശാക്തീകരണ സമിതി, നിയമ, നീതി സമിതി. പട്ടികജാതി – പട്ടികവർഗക്കാർക്കു തികച്ചും എതിരായ ചില ഉത്തരവുകൾ 1997ൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചപ്പോൾ അതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ റാം നാഥ് കോവിന്ദ് മുന്നിട്ടിറങ്ങി. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ദേശീയ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റപ്പോൾ ഈ ഉത്തരവുകളെല്ലാം ഭരണഘടനാ ഭേദഗതികളിലൂടെ തിരുത്താൻ കോവിന്ദ് മുൻകയ്യെടുത്തു. രാജ്യസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ശ്രദ്ധേയമായപ്പോഴാണ് 2002ൽ കേന്ദ്രസർക്കാർ അദ്ദേഹത്തെ െഎക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ സംസാരിക്കാൻ നിയോഗിച്ചത്.

‘മൽസരിക്കാതെ മൽസരിച്ച്’ ജയിച്ച റാം നാഥ്

ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ശക്തനായ പ്രചാരകനായിരുന്നു റാം നാഥ് കോവിന്ദ്. എന്നാൽ, അദ്ദേഹത്തെ ലോക്സഭയിലേക്കു മത്സരിപ്പിക്കാനോ കേന്ദ്രമന്ത്രിയാക്കാനോ ബിജെപി തയാറായതുമില്ല. 2006ൽ രാജ്യസഭയിൽനിന്നു വിരമിച്ചശേഷം ഒൗദ്യോഗിക സ്ഥാനമൊന്നുമില്ലാതെ പ്രവർത്തനം തുടർന്ന കോവിന്ദിനെ ഇടയ്ക്കു നിതിൻ ഗഡ്കരി ബിജെപി പ്രസിഡന്റ് ആയപ്പോൾ പാർട്ടി വക്താവുമാക്കി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ബിഹാർ ഗവർണറായി നിയമിക്കുകയും ചെയ്തു.

തികച്ചും സൗമ്യനും ശാന്തനുമായ രാഷ്ട്രീയ നേതാവാണ് റാം നാഥ് കോവിന്ദ്. വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. പദവികൾക്കു പിന്നാലെ പോകാത്ത അദ്ദേഹത്തെ തേടി പദവികൾ വരികയായിരുന്നു – ഇപ്പോഴത്തെ രാഷ്ട്രപതി പദവി ഉൾപ്പെടെ. കെ.ആർ. നാരായണനു ശേഷം രാഷ്ട്രപതി സ്ഥാനത്തേക്കു വരുന്ന ദലിത് നേതാവാണ് കോവിന്ദ്. കടന്നുപോന്ന കനൽവഴികൾ പാകപ്പെടുത്തിയ രാഷ്ട്രീയ ശൈലിയുടെ ഉടമയാണ് അദ്ദേഹം.