പരാജയപ്പെട്ടെങ്കിലും മീരാ കുമാർ തകർത്തത് 50 വർഷം പഴക്കമുള്ള റെക്കോർഡ്

ന്യൂഡൽഹി∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റാം നാഥ് കോവിന്ദിനോടു പരാജയപ്പെട്ടെങ്കിലും ലോക്സഭ മുൻ സ്പീക്കർ മീരാകുമാറിന്റെ പേരിൽ കുറിക്കപ്പെട്ടത് റെക്കോർഡ്. ഏറ്റവും കൂടുതൽ വോട്ടു നേടി പരാജയപ്പെട്ട സ്ഥാനാർഥി എന്ന റെക്കോർഡാണ് മീരയുടെ പേരിൽ കുറിക്കപ്പെട്ടത്. 10.69 ലക്ഷം മൂല്യമുള്ള വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. ഇതിൽ 3.67 ലക്ഷം വോട്ടുകളാണ് മീരാകുമാറിനു ലഭിച്ചത്. ഇതുവരെ മൽസരിച്ച പരാജിത സ്ഥാനാർഥികൾക്ക് ലഭിച്ച കൂടിയ വോട്ട്.

1967ൽ മൽസരിച്ച മുൻ ചീഫ് ജസ്റ്റിസ് കോക സുബ്ബറാവുവാണ് ഇതിനോട് അടുത്ത ഭൂരിപക്ഷം ലഭിച്ച മറ്റൊരു സ്ഥാനാർഥി. ചീഫ് ജസ്റ്റിസ് ആയിരുന്ന കോക സ്ഥാനം രാജിവച്ചാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. സക്കീർ ഹുസൈനോടു പരാജയപ്പെട്ട അദ്ദേഹത്തിനു ലഭിച്ചത് 3.63 ലക്ഷം വോട്ടുകളായിരുന്നു. അൻപതു വർഷമായി തകർക്കപ്പെടാത്ത ഈ റെക്കോർഡാണ് മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി മൽസരിച്ച മീരാകുമാർ തകർത്തത്.

അതേസമയം, ബിജെപി നേതൃത്വം അവകാശപ്പെട്ടതുപോലെ 70 ശതമാനം വോട്ടുകൾ റാം നാഥ് കോവിന്ദിന് നേടാനായില്ലെന്നതും ശ്രദ്ധേയമാണ്. 65.65 ശതമാനം വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. മുൻ രാഷ്ട്രപതിമാർക്കു കോവിന്ദിനേക്കാളും വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.