രാജി വയ്ക്കില്ലെന്നു എം.വിൻസന്റ്; എൽഡിഎഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു

എം. വിന്‍സന്‍റ് എംഎല്‍എ

തിരുവനന്തപുരം ∙ അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റ് എംഎൽഎ സ്ഥാനം ഒഴിയില്ലെന്ന് തീരുമാനിച്ചതോടെ വരാനിരിക്കുന്നത് പ്രതിഷേധത്തിന്റ നാളുകൾ. രാജി ആവശ്യപ്പെട്ട് എൽഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങിക്കഴിഞ്ഞു. അതേസമയം, രാജി വേണ്ടെന്ന് തീരുമാനിച്ചെങ്കിലും പാർട്ടിയിൽ നിന്നുതന്നെ മറുനിലപാട് ഉയർന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണന്നാണ് കോൺഗ്രസിന്റ നിലപാട്. സമാനമായ കേസുകളിൽപ്പെട്ട‌പ്പോൾ ഇടതുപക്ഷത്തുണ്ടായിരുന്ന എ.കെ. ശശീന്ദ്രനും ജോസ് തെറ്റയിലും പി.ജെ. ജോസഫും രാജി വച്ചില്ലല്ലോ എന്ന മറുവാദമാണ് കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുവരികയെന്നതും മുന്നണിയെ സംബന്ധിച്ച് എളുപ്പമാകില്ല. 

എംഎൽഎ സ്ഥാനത്തിരുന്നുകൊണ്ടുതന്നെ നിരപരാധിത്വം തെളിയിക്കുമെന്ന് എം.വിൻസെന്റ് പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. അതേസമയം, വിന്‍സന്റിന് പാർട്ടി ഒരുക്കുന്ന പ്രതിരോധത്തിന് എത്രത്തോളം ശക്തിയുണ്ടാകുമെന്ന് കണ്ടറിയണം. പ്രത്യേകിച്ച് പാർട്ടിയിൽ നിന്നുതന്നെ രാജി ആവശ്യം ഉയർന്ന സാഹചര്യത്തിൽ. എം.വിൻസെന്റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മഹിള കോൺഗ്രസ് നേതാക്കൾ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. 

വനിതകൾക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ പ്രതികരണം. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീസുരക്ഷയ്ക്കായി നിലപാടെടുക്കുകയും വിൻസന്റിന്റെ കാര്യത്തിൽ മറിച്ചൊരു നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് പാർട്ടിയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപിക്കുമെന്ന് ചിന്തിക്കുന്നവരും ഉണ്ട്. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം വിൻസന്റിന്റെ അറസ്റ്റ് ചർച്ച ചെയ്യും. രാജി ആവശ്യപ്പെട്ട് എൽഡിഎഫ് തിങ്കളാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.