ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണ് ഇന്ത്യയുടെ ആത്മാവ്: രാഷ്ട്രപതി

രാജ്യത്തോട് വിടവാങ്ങല്‍ പ്രസംഗം നടത്തുന്ന രാഷ്ട്രപതി പ്രണബ് മുഖർജി. (ടിവി ദൃശ്യം)

ന്യൂഡൽഹി∙ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. രാജ്യത്തോടുള്ള വിടവാങ്ങല്‍ പ്രസംഗത്തിലാണ് ഇന്ത്യയുടെ സവിശേഷതകൾ പ്രണബ് മുഖർജി ഓർമ്മിപ്പിച്ചത്. നമ്മുടെ സമൂഹത്തിന്‍റെ ബഹുസ്വരതയുണ്ടായതു നൂറ്റാണ്ടുകളായുള്ള ആശയങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ്. സംസ്കാരത്തിലെയും വിശ്വാസത്തിലെയും ഭാഷയിലെയും വൈവിധ്യമാണ് ഇന്ത്യയെ വിശേഷപ്പെട്ടതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യ വെറുമൊരു ഭൂമിശാസ്ത്രപരമായ സത്ത മാത്രമല്ല. നാം നമ്മുടെ സഹിഷ്ണുതയില്‍ നിന്നാണു കരുത്താർജിച്ചത്. അത് നൂറ്റാണ്ടുകളായുള്ള നമ്മുടെ പൊതുബോധത്തിന്‍റെ ഭാഗമായിരുന്നു. പൊതു സംവാദത്തില്‍ ഭിന്നമായ ഇഴകളുണ്ടാകാറുണ്ട്. നാം തര്‍ക്കിക്കുകയോ യോജിപ്പിലെത്തുകയോ ചിലപ്പോള്‍ പൊരുത്തപ്പെടാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമുക്ക് അഭിപ്രായ വൈവിധ്യത്തിലുള്ള അത്യന്താപേക്ഷിതമായ കീഴ്‍വഴക്കത്തെ നിഷേധിക്കാനാവില്ല.

"അനുകമ്പയ്ക്കും സഹാനുഭൂതിക്കുമുള്ള വിശാലതയാണു നമ്മുടെ സംസ്ക്കാരത്തിന്‍റെ യഥാർഥ അടിത്തറ. എന്നാല്‍ എല്ലാദിവസവും നമ്മുടെ ചുറ്റും ആക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കാണുന്നത്. അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ് ഈ അക്രമണങ്ങള്‍ക്കുള്ളില്‍. നമ്മുടെ പൊതു സംവാദങ്ങളെ എല്ലാതരത്തിലുള്ള അക്രമങ്ങളില്‍ നിന്നും ഒഴിവാക്കണം. അക്രമരഹിതമായ സമൂഹത്തിനു മാത്രമേ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും പുറംതള്ളപ്പെട്ടവരെയും ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാക്കുന്നത് ഉറപ്പാക്കാന്‍ കഴിയുകയുള്ളു.

"ഔദ്യോഗിക പദവിയില്‍നിന്നും പടിയിറങ്ങുന്നതിന്‍റെ തലേന്നാള്‍, ഇന്ത്യന്‍ ജനതയോടും അവര്‍ തിരഞ്ഞെടുത്ത പ്രതിനിധികളോടും രാഷ്ട്രീയ കക്ഷികളോടുമുള്ള അഗാധമായ കൃതജ്ഞത, അവരെന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെയും പ്രതീക്ഷയുടെയും പേരില്‍ നിറയുന്നു. ഞാന്‍ നല്‍കിയതിലും വളരെയധികമാണ് എനിക്ക് ഈ രാജ്യത്തില്‍ നിന്നും ലഭിച്ചത്. ഞാനെന്നുമതിന് ഇന്ത്യന്‍ ജനതയോട് കടപ്പെട്ടിരിക്കും. രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാം നാഥ് കോവിന്ദിനെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് ഊഷ്മളമായി സ്വാഗതമരുളുന്നു.

"ഇന്ത്യയെ അടുത്ത സുവര്‍ണ്ണയുഗത്തിലേക്ക് നയിക്കുന്നതിനുള്ള രാസവിദ്യ വിദ്യാഭ്യാസമാണെന്ന് രാഷ്ട്രപതി പദവി ഏറ്റെടുത്തപ്പോള്‍ തന്നെ പറഞ്ഞിരുന്നതാണ്. വിദ്യാഭ്യാസത്തിന്‍റെ പരിവര്‍ത്തന ശക്തിയിലൂടെ സമൂഹത്തിന്‍റെ പുനഃക്രമീകരണം സാധ്യമാകും. അതിനായി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് നമുക്ക് ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. നമ്മുടെ സര്‍വകലാശാലകള്‍ വെറും കാണാപാഠം പഠിച്ച് അവ ഓര്‍ത്തുവയ്ക്കാനുള്ള സ്ഥലങ്ങളാകരുത്.

"നമ്മുടെ മണ്ണിന്‍റെ സമ്പുഷ്ടി വീണ്ടെടുക്കാനും ഭൂഗര്‍ഭ ജലവിതാനത്തിന്‍റെ അളവ് കുറയുന്നത് തടഞ്ഞുനിര്‍ത്താനും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും വേണ്ടി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ദശലക്ഷക്കണക്കിനുവരുന്ന കര്‍ഷകരുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്.

"നമ്മെ സംബന്ധിച്ചിടത്തോളം എല്ലാവരും ഉള്‍ക്കൊള്ളുന്ന സമൂഹം കെട്ടിപ്പടുക്കുകയെന്നത് ഒരു വിശ്വാസപ്രമാണമാണ്. നമ്മുടെ എല്ലാ ജനവിഭാഗങ്ങളും തുല്യതയോടെ ജീവിക്കുകയും സന്തുലിതമായി അവസരങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യമായാണ് ഇന്ത്യയെ ഗാന്ധിജി വിവക്ഷിച്ചത്. പാവങ്ങളില്‍ പാവങ്ങളെ ശാക്തീകരിക്കുകയും നമ്മുടെ നയങ്ങളുടെ ഫലങ്ങള്‍ ആ വരിയിലെ അവസാന വ്യക്തിയില്‍ പോലും എത്തുന്നുവെന്ന് ഉറപ്പുവരുത്തുകയുമാണ് നാം ചെയ്യേണ്ടത്.– രാഷ്ട്രപതി രാജ്യത്തോടായി പറഞ്ഞു.