വ്യവസായിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം: ബിജെപി ദേശീയ നേതാവ് അറസ്റ്റിൽ

പ്രവാസി വ്യവസായി കെ.ടി. റബിയുല്ലയെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കളെയും കൂട്ടുപ്രതികളെയും കോടതിയിലേക്കു കൊണ്ടുപോകുന്നു. ചിത്രം: സമീർ എ. ഹമീദ്

മലപ്പുറം ∙ പ്രവാസി വ്യവസായി കെ.ടി.റബീയുല്ലയുടെ വീട്ടിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്‍ലം ഗുരുക്കൾ ഉൾപ്പെടെയുള്ള ഏഴുപേർ അറസ്റ്റിൽ. മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുസ്‍ലിം ലീഗ് നേതാവായിരുന്ന കാസർകോട്ടെ കെ.എസ്.അബ്ദുല്ലയുടെ മകൻ അർഷദ് കേസിൽ രണ്ടാം പ്രതിയാണ്.

റബീയുല്ലയുടെ ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്. ആയുധം കൈവശംവക്കൽ, തട്ടിക്കൊണ്ടു പോകാൻ ശ്രമം, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

അതേസമയം, തന്നെ കള്ളക്കേസില്‍ കുരുക്കിയതാണെന്ന് അസ്‌ലം ഗുരുക്കള്‍ പ്രതികരിച്ചു. റബീയുല്ലയെ കാണാന്‍ വന്നതാണ്, മതില്‍ ചാടിക്കടന്നിട്ടില്ലെന്നും ന്യൂനപക്ഷമോര്‍ച്ച നേതാവ് പ്രതികരിച്ചു.